സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ദുക്റാന തിരുനാള്‍ ജൂണ്‍ 28 മുതല്‍ ജൂലൈ ആറു വരെ
Wednesday, May 13, 2015 8:18 AM IST
ഷിക്കാഗോ: ബെല്‍വുഡ് സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ തോമാശ്ളീഹായുടെ ദുക്റാന തിരുനാള്‍ ജൂണ്‍ 28 മുതല്‍ ജൂലൈ ആറുവരെ തീയതികളില്‍ വിവിധ ആഘോഷപരിപാടികളോടെ ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു.

ജൂണ്‍ 28ന് (ഞായര്‍) തിരുനാളിനു കൊടിയേറുന്നതോടുകൂടി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കംകുറിക്കും.

ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നതു മോര്‍ട്ടന്‍ഗ്രോവ്, നൈല്‍സിലുള്ള സെന്റ് ബര്‍ത്തലോമിയ വാര്‍ഡുകാരാണ്. കത്തീഡ്രല്‍ വികാരി ഫാ. ഡോ. അഗസ്റിന്‍ പാലയ്ക്കാപറമ്പിലിന്റെ മേല്‍നോട്ടത്തില്‍ അതിവിപുലമായ ആഘോഷപരിപാടികളുമായി ഈ കുടുംബവര്‍ഷത്തെ തിരുനാള്‍ ഒരു അധ്യാത്മിക വിജയമാക്കിത്തീര്‍ക്കുവാന്‍ തിരുനാള്‍ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ സിബി പാറേക്കാട്ടിന്റേയും വാര്‍ഡ് പ്രസിഡന്റ് പയസ് ഒറ്റപ്ളാക്കലിന്റേയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

തിരുനാളിന്റെ ധനശേഖരണത്തിന്റെ കിക്ക്ഓഫ് കര്‍മം ഷിക്കാഗോ രൂപത സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, ജോഷി വള്ളിക്കളത്തിലില്‍നിന്നും ആദ്യ ചെക്ക് സ്വീകരിച്ച് നിര്‍വഹിച്ചു.

മോഹന്‍ സെബാസ്റ്യന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം