ഫാ. ജോസ് കണ്ടത്തിക്കുടിയുടെ സപ്തതി ആഘോഷം മേയ് 31ന്
Wednesday, May 13, 2015 6:39 AM IST
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയുടെ വികാരി ഫാ. ജോസ് കണ്ടത്തിക്കുടിയുടെ സപ്തതി മേയ് 31ന് (ഞായര്‍) ആഘോഷിക്കുന്നു.

അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനുവേണ്ടി 1995ല്‍ ബിഷപ് സിനഡ് അമേരിക്കയിലേക്ക് അയച്ച ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പ്രയ്തന ഫലം കൂടിയാണ് ഇവിടുത്തെ സീറോ മലബാര്‍ വിശ്വാസസമൂഹത്തിന്റെ വളര്‍ച്ച.

ഷിക്കാഗോയില്‍ ആരംഭിച്ച് ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, കണക്ടിക്കട്ട് തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ വിശ്വാസികളെ സംഘടിപ്പിക്കുവാനും പള്ളികള്‍ സ്ഥാപിക്കുവാനും ഫാ. ജോസ് മുന്‍കൈയെടുത്തിട്ടുണ്ട്.

മേയ് 31നു(ഞായര്‍) വൈകുന്നേരം നാലിനു ഫാ. ജോസ് കണ്ടത്തിക്കുടിയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന കൃതജ്ഞതാബലിയോടുകൂടി സപ്തതി ആഘോഷങ്ങള്‍ക്കു തുടക്കമാകും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം സീറോ മലങ്കര ബിഷപ് തോമസ് മാര്‍ യൌസേബിയോസ് ഉദ്ഘാടനം ചെയ്യും. വിവിധ വൈദിക ശ്രേഷ്ഠര്‍, സന്യാസിനികള്‍, അത്മായ നേതാക്കള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.

സപ്തതി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഫാ. ജോസ് കണ്ടത്തിക്കുടിയുടെ എല്ലാ സുഹൃത്തുക്കളേയും അഭ്യുദയകാംഷികളെയും ഇടവകയ്ക്കുവേണ്ടി അസി. വികാരി ഫാ. റോയിസന്‍ മേനോലിക്കല്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി