മാതൃദിനം അവിസ്മരണീയമാക്കി ഒക്ലഹോമ ഹോളി ഫാമിലി ഇടവക
Tuesday, May 12, 2015 7:32 AM IST
ഒക്ലഹോമ സിറ്റി: മാതൃദിനത്തില്‍ അമ്മമാരെ ആദരിക്കുന്നതിന്റെ ഭാഗമായി ഒക്ലഹോമ ഹോളിഫാമിലി സീറോ മലബാര്‍ ഇടവകയില്‍ നടന്ന മദേഴ്സ് ഡേ ആഘോഷം ഏവര്‍ക്കും മാധുര്യമേറിയതായി.

ഇടവകയിലെ യുവജനങ്ങളാണ് ആഘോഷങ്ങള്‍ക്ക് മുന്‍കൈ എടുത്തത്. അമ്മമാരെ ആദരിക്കുന്നതിനൊപ്പം വിവിധ മത്സരപരിപാടികളും യുവജനങ്ങള്‍ അമ്മമാര്‍ക്കായി ഒരുക്കി.

ഇടവക വികാരി ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ അമ്മമാരെ സമര്‍പ്പിച്ചു പ്രത്യേക പ്രാര്‍ഥന നടത്തി. അമ്മയാണ് വീടിന്റെ വിളക്ക് എന്ന് ഓര്‍മിപ്പിച്ച അദ്ദേഹം ഇടവകയുടെ ആദരസൂചകമായി കത്തിച്ച ദീപവും റോസാപുഷ്പവും ഓരോ അമ്മമാര്‍ക്കും നല്‍കി. തുടര്‍ന്നു യുവജനങ്ങളുടെ നേതൃത്വത്തില്‍ സദ്യയും ഒരുക്കി. ടോമി ആന്റണി യൂത്ത് വിംഗിനു നേതൃത്വം നല്‍കി.

പിആര്‍ഒ ജോസ് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍