കെ. കരുണാകരന്‍ സ്മാരക ഒഐസിസി ഫുട്ബോള്‍: റിയല്‍ കേരളയും യൂത്ത് ഇന്ത്യയും സെമിയില്‍
Monday, May 11, 2015 6:46 AM IST
റിയാദ്: രണ്ടാമത് കെ. കരുണാകരന്‍ സ്മാരക ഒഐസിസി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ അഞ്ചാം വാര മത്സരങ്ങളില്‍ ചാലിയാര്‍ റിയല്‍ കേരളയും ഐബി ടെക് ലാന്റേണ്‍ എഫ്സിയും ഉജ്വല വിജയം നേടി. ഇതോടെ റിയല്‍ കേരളയും ജരീര്‍ മെഡിക്കല്‍ യൂത്ത് ഇന്ത്യയും സെമിഫൈനല്‍ സ്ഥാനമുറപ്പിച്ചു.

വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് റിയല്‍ കേരള ടീം ഒബയാര്‍ ഫുട്ബോള്‍ ക്ളബ്ബിനെ പരാജയപ്പെടുത്തിയത്. തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ ചാലിയാറിനുവേണ്ടി സമീര്‍ വണ്ടൂര്‍, ഷബാബ് എന്നിവര്‍ രണ്ട് ഗോളുകളും ജാഫര്‍ അരീക്കോട്, ഷക്കീല്‍ തിരൂര്‍ക്കാട് എന്നിവര്‍ ഓരോ ഗോളും നേടി. ഒബയാറിന്റെ ആശ്വാസഗോള്‍ ബിനു സ്കോര്‍ ചെയ്തു. റിയല്‍ കേരളയുടെ വിജയത്തിനു ചുക്കാന്‍ പിടിച്ച ഷബാബിന് ജിമാര്‍ട്ട് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം ജമാല്‍ ചോറ്റി കൈമാറി.

സഫമക്ക പ്രതിനിധി യഹ്യ, അസീസ് കോഴിക്കോട്, സക്കീര്‍ ധാനത്ത്, ജലാല്‍ മൈനാഗപ്പള്ളി, ഷാനവാസ് മുനമ്പത്ത്, ഷാജി മഠത്തില്‍ തുടങ്ങിയവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

വാശിയേറിയ രണ്ടാമത്തെ മത്സരത്തില്‍ ആദ്യ പകുതിയില്‍ രണ്ടു ഗോളുകളുടെ ലീഡുമായി ഈസി വെയര്‍ അസീസിയ സോക്കറിനെ ഐബിടെക് ലാന്റേണ്‍ എഫ്സി രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ആദ്യ കളിയില്‍ പരാജയം ഏറ്റുവാങ്ങിയ ഇരു ടീമുകള്‍ക്കും ഒരു വിജയം അനിവാര്യമായ മത്സരം വാശിയേറിയതായിരുന്നു. ഒന്നാം പകുതിയില്‍ മനാഫ്, ഷംസീര്‍ എന്നിവര്‍ അസീസിയക്ക് ലീഡ് നേടിക്കൊടുത്തു. എന്നാല്‍ രണ്ടാം പകുതിയില്‍ വിജയിക്കാനുള്ള എല്ലാ അടവും പുറത്തെടുത്ത ലാന്റേണ്‍ എഫ്സിക്കു വേണ്ടി ഷാഹിദ് ആദ്യ ഗോള്‍ നേടി. ലാന്റേണ്‍ എഫ്സിക്കു ലഭിച്ച പെനാല്‍റ്റി ഗോളാക്കി കൊണ്ട് സിറാജുദ്ദീന്‍ സമനില നേടിക്കൊടുത്തു. ഷാഹിദ് വീണ്ടും മനോഹരമായ ഗോളിലൂടെ ലീഡ് നേടിക്കൊടുത്ത ലാന്റേണിന്റെ സ്കോര്‍ ബോര്‍ഡ് പൂര്‍ത്തിയാക്കിയത് അനസിന്റെ ഗോളോടു കൂടിയാണ്. മൈതാനം നിറഞ്ഞു കളിച്ച ഷാഹിദാണ് മാന്‍ ഓഫ് ദി മാച്ച്. അന്‍വര്‍ ചെമ്പറക്കി ഷാഹിദിനു മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം സമ്മാനിച്ചു.

ഹംസ റോയല്‍, റസാഖ് പൂക്കോട്ടുംപാടം, ഇസ്മായില്‍ എരുമേലി, കെ.കെ. തോമസ്, അന്‍സാര്‍ പള്ളുരുത്തി തുടങ്ങിയവര്‍ രണ്ടാമത്തെ മത്സരത്തില്‍ കളിക്കാരുമായി പരിചയപ്പെട്ടു. അടുത്ത വെള്ളിയാഴ്ച ലീഗ് മത്സരങ്ങളുടെ അവസാന ദിനത്തില്‍ മൂന്ന് മത്സരങ്ങളുണ്ടായിരിക്കും. ആദ്യ മത്സരത്തല്‍ യൂത്ത് ഇന്ത്യ, അസീസിയ സോക്കറിനേയും രണ്ടാമത്തെ മത്സരത്തില്‍ എബിസി റെയിന്‍ബോ ക്ളബ്ബ്, ഐബി ടെക് ലാന്റേണ്‍ എഫ്സിയേയും നേരിടും. മൂന്നാമത്തെ മത്സരത്തില്‍ ലിയ സ്പോര്‍ട്ടിംഗ് യുണൈറ്റഡ് എഫ്സി, അറ്റ്ലസ് ജ്യൂവലറി റോയല്‍ സോക്കറിനെ നേരിടും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍