ഇന്റര്‍നെറ്റ് വഴിയുള്ള സൌജന്യ കോളുകള്‍ നിരോധിക്കണമെന്ന് ടെലികോം കമ്പനികള്‍
Monday, May 11, 2015 6:41 AM IST
കുവൈറ്റ്: വാട്സ്ആപ് ഉള്‍പ്പെടെ ഇന്റര്‍നെറ്റ് വഴിയുള്ള സൌജന്യ കോളിംഗ് സംവിധാനങ്ങള്‍ക്കു നിരോധമേര്‍പ്പെടുത്തണമെന്ന് ടെലികോം കമ്പനികള്‍ കമ്യൂണിക്കേഷന്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

വാട്സ്ആപ്, സ്കൈപ്, വൈബര്‍ എന്നിവയുടെ നിരോധമാണ് ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം സൌജന്യ കോളുകള്‍ വഴി ദേശീയഅന്തര്‍ദേശീയ ടെലിഫോണ്‍ കോളുകളില്‍ 20 ശതമാനം കുറഞ്ഞതായി ടെലികോം കമ്പനികള്‍ വെളിപ്പെടുത്തി. ഇവയുടെ അമിത ഉപയോഗം കാരണം ഇന്റര്‍നെറ്റ് കമ്പനികള്‍ ഉപഭോക്താക്കളില്‍നിന്നും അധിക ചാര്‍ജ് ഈടാക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. അങ്ങനെയാണ് ചില കമ്പനികള്‍ അവരുടെ നഷ്ടം നികത്തുന്നത്.

കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി വാട്സ്ആപ്, സ്കൈപ്, വൈബര്‍ എന്നിവകളിലൂടെ സൌജന്യ സംഭാഷണവും അമിതോപയോഗവും കമ്പനികളുടെ ലാഭത്തില്‍ കുറവു വന്നിരിക്കുകയാണ്. ഏകദേശം 85 ശതമാനം പ്രാദേശിക, അന്താരാഷ്ട്ര സംഭാഷണങ്ങളും സന്ദേശങ്ങള്‍ അയക്കലും ഇത്തരം മീഡിയകള്‍ വഴിയാണെന്ന് ടെലികോം കമ്പനികള്‍ പരാതിയില്‍ വ്യക്തമാക്കി. ഇതിലൂടെ കമ്പനികള്‍ക്കുള്ള നഷ്ടം 33 മില്യണ്‍ ദീനാറാണെന്നാണ് കണക്കാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍