അധ്യാപകര്‍ക്ക് ദിശാബോധം നല്‍കി മാതൃഭാഷ പഠനക്കളരിക്കു തുടക്കമായി
Monday, May 11, 2015 6:41 AM IST
കുവൈറ്റ് സിറ്റി: കേവലമായ അധ്യാപന രീതിയില്‍ നിന്നും പഠിതാവും അധ്യാപകനും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളിലൂടെ വികസിക്കുന്നതായിരിക്കണം പഠന രീതിയെന്ന് പ്രശസ്ത വിദ്യാഭ്യാസ പ്രവര്‍ത്തകനും പരിശീലനകനുമായ കെ.പി.രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

യാന്ത്രികമായ രീതികള്‍ മാറ്റിവച്ച്, കുട്ടിയുടെ പരിസരത്തെ പരിചയപ്പെടുത്തി അവനെ അറിവിന്റെ ലോകത്തേക്കു കൊണ്ടുവരാന്‍ പറ്റുന്ന എല്ലാത്തരം രീതികളും പഠന പ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിക്കണമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

25 വര്‍ഷം പൂര്‍ത്തിയാകുന്ന കലയുടെയും മാതൃഭാഷ സമിതിയുടെയും നേതൃത്വത്തില്‍ നടന്നുവരുന്ന മലയാള ഭാഷാ പഠനത്തിനു ചുക്കാന്‍ പിടിക്കുന്ന അധ്യാപര്‍ക്കുള്ള ഈ വര്‍ഷത്തെ പഠന കളരിയില്‍ സംസാരിക്കുകയായിരുന്നു കെ.പി.രാമകൃഷ്ണന്‍. പാട്ടും കളിയും കവിതകളും കൈവേലകളും അധ്യാപകര്‍ക്ക് പരിചയപ്പെടുത്തിയ ക്യാമ്പ് മാതൃഭാഷാധ്യാപകര്‍ ഏറെ ആസ്വദിച്ചു.

ഈ വേനലവധിക്കാലത്ത് കുവൈറ്റിലെ വിവിധ മേഖലകളിലായി നടക്കാന്‍ വേണ്ടി പോകുന്ന നൂറോളം വരുന്ന ക്ളാസുകളിലെ അധ്യാപകര്‍ക്കുള്ള ആദ്യ പരിശീലന ക്യാമ്പിന് ഫഹഹീല്‍ മേഖലയില്‍ തുടക്കമായി. പഠനക്കളരി മാതൃഭാഷ സമതി ചെയര്‍മാന്‍ ജോണ്‍ മാത്യു ഉദ്ഘാടനം ചെയ്തു.

കല കുവൈറ്റ് പ്രസിഡന്റ് ടി.വി.ഹിക്മത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സമിതി ജനറല്‍ കണ്‍വീനര്‍ സാം പൈനുംമൂട്, കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ചടങ്ങിനു സമിതി ഫഹഹീല്‍ മേഖല കണ്‍വീനര്‍ പ്രസീദ് കരുണാകരന്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ജ്യോതിഷ് ചെറിയാന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍