മേഖലാ ജാഥകള്‍ മാറ്റി വെക്കരുത്: ഒഐസിസി റിയാദ്
Monday, May 11, 2015 2:44 AM IST
റിയാദ്: യു.ഡി.എഫിന്റെ നേത്യത്വത്തില്‍ നടത്താനിരിക്കുന്ന മേഖലാ ജാഥകള്‍ ഘടക കക്ഷികളുടെ പിടിവാശിക്കു വഴങ്ങി മാറ്റിവയ്ക്കരുതന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. ആവശ്യപ്പെട്ടു. ജാഥ മാറ്റി വെക്കുന്നത് ജനങ്ങള്‍ക്ക് കോണ്‍ഗ്രസ്സിനെ കുറിച്ച് തെറ്റായ ധാരണയുണ്ടാക്കും. യു.പി.എ സര്‍ക്കാരിനു സംഭവിച്ചതു പോലെയുള്ള തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് മേഖലാ ജാഥകള്‍ക്ക് യു.ഡി.എഫ് നേത്യത്വം തീരുമാനിച്ചത്. അത് ഏതെങ്കിലും വ്യക്തികളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് മാറ്റുന്നത് ശരിയല്ല. ഈ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലാപാടിനൊപ്പം സര്‍ക്കാര്‍ നില്‍ക്കണമെന്ന് ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടൂ. നിരവധി ക്ഷേമ പദ്ധതികള്‍ സധാരണക്കാര്‍ക്ക് വേണ്ടി ചെയ്തിട്ടുള്ള ഒരു സര്‍ക്കാരാണ് ഉമ്മന്‍ ചാണ്ടിയുടെ നേത്യത്വത്തിലുള്ള സര്‍ക്കാര്‍. ആ പദ്ധതികള്‍ സാധരണ ജനങ്ങളില്‍ എത്തിക്കുന്നതിനു വേണ്ടി യുഡിഎഫ് ശ്രമിക്കുമ്പോള്‍ അതിനെ പിന്തുണക്കുകയാണ് ഘടക കക്ഷികള്‍ ചെയ്യേണ്ടത്. ബാര്‍ കോഴ കേസില്‍ അന്വേഷണം നേരായ വഴിക്കാണോ നീങ്ങുന്നത് എന്ന കാര്യത്തില്‍ സംശയം ഇല്ല. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങണം, അതിനെ നിയന്ത്രിക്കാന്‍ ഘടക കക്ഷികള്‍ ശ്രമിക്കേണ്ട. വളരെ ചെറിയ ഭൂരിപക്ഷം മാത്രം ഉള്ള സര്‍ക്കാരിനെ ഭിഷണിപ്പെടുത്തി കാര്യങ്ങള്‍ നേടിയെടുക്കാനാണ് പലരും ശ്രമിക്കുന്നത്.

ഈ സര്‍ക്കാരിനെ നിലനിര്‍ത്തേണ്ട ബാധ്യത കോണ്‍ഗ്രസിന് മാത്രമല്ലെന്നും ഇരട്ടത്താപ്പ് കളിക്കുന്ന ഇടതു മുന്നണിയോട് ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം ഘടകകക്ഷികള്‍ കളിക്കാന്‍ ശ്രമിക്കരുതെന്നും ഒഐസിസി പറഞ്ഞു. അഴിമതി ആരോപണങ്ങളുമായി പിള്ളക്കെതിരെ വാളെടുത്ത വി.എസ്. ഇപ്പോള്‍ പിള്ളയേയും മകനേയും കൈനീട്ടി സ്വീകരിച്ചതോടെ അദ്ദേഹത്തിന്റെ ആദര്‍ശത്തിന്റെ മുഖംമൂടി അഴിഞ്ഞു വീണിരിക്കുന്നു. കോണ്‍ഗ്രസ് യുഡിഎഫ് നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിലെടുക്കുന്ന എല്ലാ തീരുമാനങ്ങളേയും സ്വാഗതം ചെയ്യുന്നതോടൊപ്പം എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും ഒഐസിസി ജന. സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍