നവോദയ-അല്‍മദീന കലാ, സാംസ്കാരിക സന്ധ്യ പ്രവാസികള്‍ക്ക് അവിസ്മരണീയ അനുഭവമായി
Saturday, May 9, 2015 8:18 AM IST
റിയാദ്: നവോദയയുടെ ഏഴാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് അല്‍-ഹൈര്‍ റോഡിലെ ഒവൈദ ഫാമില്‍ നടത്തിയ നവോദയ-അല്‍മദീന കലാ, സാംസ്കാരിക സന്ധ്യ പ്രവാസികള്‍ക്ക് ഗൃഹാതുരതയുണര്‍ത്തിയ അവിസ്മരണീയ അനുഭവമായി.

ചാറ്റല്‍മഴയും പൊടിക്കാറ്റും തുറന്ന വേദിയിലെ പരിപാടിക്ക് ആദ്യം ആശങ്കയുയര്‍ത്തിയെങ്കിലും പിന്നീട്് പ്രകൃതിയും ഈ നവ്യാനുഭവത്തിന് കൈകോര്‍ത്തു.

നാട്ടില്‍ നിന്നെത്തിയ പ്രശസ്ത നാടക സംവിധായകന്‍ ജയന്‍ തിരുമനയും സഹസംവിധായകന്‍ സജീവനും ചേര്‍ന്ന് ഒരുക്കിയ 'തീപ്പൊട്ടന്‍' എന്ന നാടകമായിരുന്നു വാര്‍ഷികാഘോഷത്തിലെ പ്രധാന ആകര്‍ഷണം. പ്രഫഷണല്‍ നാടകത്തിന്റെ എല്ലാ ചേരുവകളും കൃത്യമായി ചേര്‍ത്ത് അണിയിച്ചൊരുക്കിയ നാടകം ജന്മിത്വത്തിനും ജാതിമേല്‍കോയ്മക്കുമെതിരെ പ്രവര്‍ത്തിച്ച അലങ്കാരന്‍ എന്ന തീപ്പൊട്ടന്റെ കഥ പറയുകയും അതിനെ പുതിയ കാലഘട്ടവുമായി ബന്ധിപ്പിച്ച് കേരളത്തിലെ അക്രമ രാഷ്ട്രീയത്തിനെതിരെ മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നു. അധ്വാനവും മണ്ണും മാത്രമല്ല, സ്വന്തം വീട്ടിലെ പെണ്‍മക്കളുടെ ചാരിത്യ്രം പോലും ജന്മികളുടെ മുന്നില്‍ അടിയറവച്ച് കൊടും ക്രൂരതക്കും ചൂഷണത്തിനും വിധേയമാകേണ്ടി വന്ന അധകൃത വിഭാഗത്തിന്റെ അവസ്ഥ അതിന്റെ തീവ്രത ഒട്ടും ചോരാതെതന്നെ നാടകത്തില്‍ ആവിഷ്കരിച്ചിരിക്കുന്നു. ഭരണകൂടത്തിന്റെ അധികാര ശക്തിക്കുമുന്നില്‍ തീപ്പൊട്ടന്‍ തലയും ഉടലും ഛേദിക്കപ്പെട്ട് കൊല്ലപ്പെടുമ്പോഴും അനീതിക്കും ചൂഷണത്തിനുമെതിരെ ഓരോ കാലഘട്ടത്തിലും പുതിയ അലങ്കാരന്‍മാര്‍ പുനര്‍ജനിക്കുമെന്ന് ഓര്‍മപ്പെടുത്തിയാണ് നാടകം അവസാനിക്കുന്നത്.

2009 ല്‍ ഏഴു സംസ്ഥാന അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള നാടകം മാറ്റങ്ങള്‍ വരുത്താതെയാണ് റിയാദിലെ 30 ലധികം കലാകാരന്‍മാരെ ഉപയോഗപ്പെടുത്തി പുനരാവിഷ്കരിച്ചത്. ആര്‍ടിസ്റ് ഷൈജു ചെമ്പൂര്‍ രംഗപടം ഒരുക്കിയ നാടകത്തിന്റെ ശബ്ദ നിയന്ത്രണം നടത്തിയത് ബേബിച്ചനായിരുന്നു. നാടകം പോലുള്ള ഉന്നത കലകള്‍ക്ക് മികച്ച ആസാദക സമൂഹം റിയാദിലുണ്െടന്ന് അടിവരയിട്ടുറപ്പിക്കുന്നതായിരുന്നു പ്രതികൂല കാലാവസ്ഥയിലും നാടകം കാണാനെത്തിയ ജനകൂട്ടം.

തുടര്‍ന്നു പൂക്കോയ തങ്ങളുടെ ശിക്ഷണത്തില്‍ നവോദയ ആര്‍ട്സ് അക്കാദമി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഒപ്പന, പത്മിനി ടീച്ചറുടെ ശിക്ഷണത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച വിപ്ളവ നാടകഗാനങ്ങളുടെ നൃത്താവിഷ്കാരം, കുഞ്ഞഹമ്മദ് മാഷിന്റെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ വൈവിധ്യമാര്‍ന്ന നൃത്തരൂപങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച ഭാരതീയം, തങ്കച്ചനും സംഘവും അവതരിപ്പിച്ച നാടന്‍ പാട്ടുകള്‍ ഇവയൊക്കെ ആഘോഷത്തിനു മിഴിവേകി.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം എന്‍.ആര്‍.കെ ചെയര്‍മാന്‍ ബാലചന്ദ്രന്‍ നിര്‍വഹിച്ചു.

അല്‍മദീന സിഇഒ നാസര്‍ അബൂബക്കര്‍, ജയന്‍ തിരുമന, സജീവന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജയന്‍ തിരുമനയെ ഉദയഭാനുവും സജീവനെ വിക്രമലാലും പൊന്നാടയണിയിച്ചു ആദരിച്ചു. പരിപാടിയുടെ ഭാഗമായി വിതരണം ചെയ്ത സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പും സമ്മാന വിതരണവും വേദിയില്‍ നടന്നു. നവോദയ സെക്രട്ടറി അന്‍വാസ് സ്വാഗതവും വൈസ് പ്രസിഡന്റ് പൂക്കോയ തങ്ങള്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍