ജോര്‍ജ് മണ്ണിക്കരോട്ടിന്റെ പുതിയ പുസ്തകം 'മാറ്റമില്ലാത്ത മലയാളികള്‍' പ്രകാശനം ചെയ്തു
Saturday, May 9, 2015 2:45 AM IST
ഹൂസ്റന്‍: പ്രസിദ്ധ അമേരിക്കന്‍ മലയാളി സാഹിത്യകാരനായ ജോര്‍ജ് മണ്ണിക്കരോട്ടിന്റെ ഏറ്റവും പുതിയ കൃതിയായ 'മാറ്റമില്ലാത്ത മലയാളികള്‍' പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ പുതിയ പത്തൊന്‍പത് ചിന്തോദ്ദീപകങ്ങളും പഠനാര്‍ഹവുമായ ലേഖനങ്ങളുടെ ഒരു സമാഹാരമാണ് ഈ കൃതി. കഴിഞ്ഞ ഏപ്രില്‍ 27-നു തിരുവനന്തപുരത്ത് നടന്ന ലളിതമായ ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍ പുസ്തകത്തിന്റെ കോപ്പി ഭരത് ഭവന്‍ സെക്രട്ടറി സതീഷ് ബാബു പയ്യന്നൂരിനു നല്‍കി പ്രകാശനം നിര്‍വഹിച്ചു.

ജോര്‍ജ് മണ്ണിക്കരോട്ട് വളരെ കഴിവുള്ള ഒരെഴുത്തുകാരനാണെന്നും പ്രത്യേകിച്ച് അദ്ദേഹത്തിന്റെ 'അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം' എന്ന പുസ്തകം അമേരിക്കയില്‍ മാത്രമല്ല കേരളത്തില്‍ വളരെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്െടന്നും അത് ഒരു റഫറന്‍സ് ഗ്രന്ഥമായി ഉപയോഗിക്കുന്നുണ്െടന്നും പെരുമ്പടവം അഭിപ്രായപ്പെട്ടു. മണ്ണിക്കരോട്ടിന്റെ 'മാറ്റമില്ലാത്ത മലയാളി'കളിലെ ലേഖനങ്ങള്‍ ഓരോന്നും ഓരോ അന്വേഷണങ്ങളും പഠനങ്ങളും വസ്തുതകളുമാണെന്നും, അതൊക്കെ ചര്‍ച്ച ചെയ്യപ്പെടുമെന്നും വിമര്‍ശിക്കപ്പെടുമെന്നും സതീഷ് ബാബു പയ്യന്നൂര്‍ അഭിപ്രായപ്പെട്ടു. ഗ്രെയിറ്റര്‍ ഹ്യൂസ്റന്‍ നിവാസിയായ ജോര്‍ജ് മണ്ണിക്കരോട്ട് നിലവില്‍ ഹൂസ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റിയുടെ പ്രസിഡന്റു കൂടിയാണ്.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്