സീറോ മലബാര്‍ കത്തീഡ്രലില്‍ മലയാളം സ്കൂള്‍ വാര്‍ഷികം മേയ് പത്തിന്
Friday, May 8, 2015 5:40 AM IST
ഷിക്കാഗോ: ബല്‍വുഡ് മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സ്കൂളിന്റെ 2014-15 വാര്‍ഷികം മേയ് പത്താം തീയതി രാവിലെ പതിനൊന്നിനു പാരീഷ് ഹാളില്‍ നടത്തും. 1992-ല്‍ ഫാ. മാത്യു പന്തലാനിക്കല്‍ ഡയറക്ടറായി പ്രവര്‍ത്തനം ആരംഭിച്ച മലയാളം സ്കൂള്‍, തുടര്‍ന്ന് ഫാ. ജോസ് കണ്ടത്തിക്കുടി, മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഫാ. ആന്റണി തുണ്ടത്തില്‍, മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ ഡയറക്ടറായും, അലക്സ് കുത്തുകല്ലന്‍, ജോണ്‍ തെങ്ങുംമൂട്ടില്‍ എന്നിവര്‍ പ്രിന്‍സിപ്പല്‍മാരായും സിറിയക് തട്ടാരേട്ട് രജിസ്ട്രാറായും വളര്‍ച്ചയുടെ പാതയില്‍ തുടര്‍ന്നു. ഇന്ന് റവ. ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ഡയറക്ടറായും, റോയി തോമസ് വരകില്‍പറമ്പില്‍ (പ്രിന്‍സിപ്പല്‍), റോസമ്മ തെനിയപ്ളാക്കല്‍ (വൈസ് പ്രിന്‍സിപ്പല്‍), അയിഷാ ലോറന്‍സ്, സിത്താര പലയ്ക്കാത്തടം (രജിസ്ട്രാര്‍) ആയും പ്രവര്‍ത്തിക്കുന്ന ഈ സ്കൂളില്‍ 25-ല്‍പ്പരം അധ്യാപകര്‍ പികെജി മുതലുള്ള എട്ടു ക്ളാസുകളിലായി മലയാള ഭാഷ പഠിപ്പിക്കുന്നതിനായി സേവനം ചെയ്യുന്നു.

180-ല്‍പ്പരം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍നിന്ന് ഈ വര്‍ഷവും ആറു കുട്ടികള്‍ ഗ്രാജ്വേറ്റ് ചെയ്യുന്നു. വിവിധ തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നതും മലയാളം സ്കൂളില്‍ നിന്നു മികച്ച വിജയം നേടുന്നതുമായ ഒരു വിദ്യാര്‍ത്ഥിക്ക് ഏലിക്കുട്ടി ജോസഫ് തെനിയപ്ളാക്കലിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും, (കഴിഞ്ഞവര്‍ഷത്തെ ജേതാവ് ബിബിന്‍ ഡൊമിനിക്) മറ്റ് ട്രോഫികളും, ഈവര്‍ഷവും വാര്‍ഷികദിനത്തില്‍ കുട്ടികള്‍ക്ക് നല്‍കുന്നതാണ്. റോസമ്മ തെനിയപ്ളാക്കല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം