പൌരാണിക ശില്പചാതുര്യത്താല്‍ ശ്രദ്ധേയമായ ഡാളസിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം
Friday, May 8, 2015 5:40 AM IST
ഡാളസ്: ഡാളസിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ നിര്‍മാണം കേരളീയ വാസ്തുശില്‍പ രീതിയില്‍ പൂര്‍ത്തിയാകുന്നു. അഞ്ചുകോല്‍ പരിഷയിലുള്ള കിഴക്ക് ദര്‍ശനമായ മുഖമണ്ഡപത്തോടുകൂടിയ ദ്വിതല പ്രാസാദമായാണു ഗുരുവായൂരപ്പന്റെ ശ്രീകോവില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ശ്രീകോവിലിന്റെ ഭിത്തി അലങ്കാരങ്ങളായ പഞ്ജരം, ഘനദ്വാരങ്ങള്‍, തോരണം, ഭിത്തിക്കാലുകള്‍, കല്ലുത്തരം, വളര്, കപോതം തുടങ്ങിയ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശ്രീകോവിലിനോടു സമാനമായ എല്ലാ അലങ്കാരങ്ങളും ഡാളസ് ശ്രീഗുരുവായൂരപ്പന്‍ കോവിലിലും ചെയ്തിട്ടുണ്ട്. കൂടാതെ രണ്ടാം നിലയില്‍ കേരളത്തില്‍ത്തന്നെ മഹാക്ഷേത്രങ്ങളില്‍ മാത്രം കാണുന്ന 'ശാലാകൂടം' എന്ന പ്രത്യേക നിര്‍മാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്. ശ്രീകോവിലിനെ മൂലസ്ഥാനമായി സങ്കല്‍പിച്ച്, പ്രാകാരങ്ങളായ ബലിവട്ടം, ചുറ്റമ്പലം, വിളക്കുമാടം, ബലിക്കല്‍പുര എന്നിവ ചെയ്യാവുന്ന വിധത്തിലാണ് ചുറ്റമ്പലത്തിന്റെ രൂപകല്‍പ്പന. ക്ഷേത്രത്തിന്റെ ഉത്തമസ്ഥാനങ്ങളില്‍ ഉപദേവതാ ശ്രീകോവിലുകളും, തിടപ്പള്ളിയും, ഹോമകുണ്ഡവും ഉള്‍ക്കൊള്ളുന്നു. അഞ്ച് ശ്രീകോവിലുകളുടെയും മേല്‍പ്പുര ചെമ്പുപാളിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഭഗവത്കടാക്ഷംകൊണ്ടാണ് ഇത്രയും മനോഹരവും സങ്കീര്‍ണ്ണവുമായ കലാശില്‍പങ്ങള്‍ ഇരുനൂറ് ദിവസങ്ങള്‍കൊണ്ടു പൂര്‍ണതയിലെത്തുന്നതെന്നു കെഎച്ച്എസ് പ്രസിഡന്റ് ഗോപാലപിള്ള അഭിപ്രായപ്പെട്ടു.

തൃപ്പൂണിത്തുറയില്‍നിന്ന് ആറുമാസം മുമ്പെത്തിയ തച്ചുകുളങ്ങരയില്‍ രതീഷ് ചന്ദ്രന്‍ പ്രധാന ശില്പിയും, കാളാംപുറത്ത് പുത്തന്‍പുരയില്‍ അനില്‍കുമാര്‍ സഹായ ശില്പിയുമായിട്ടാണ് അലങ്കാരപ്പണികള്‍ രൂപപ്പെടുത്തിയെടുക്കുന്നത്. മേയ് 15നു പ്രതിഷ്ഠാചടങ്ങുകള്‍ക്കു തുടക്കംകുറിക്കും. വ്രതനിഷ്ഠയോടും നാമജപത്തോടും ഭഗവത് അര്‍ച്ചനയായി ശില്പികളുടെ പ്രവര്‍ത്തികള്‍ സമര്‍പ്പിക്കുന്നതുകൊണ്ടാണു ചുവരില്‍ വിരിയുന്ന രൂപങ്ങള്‍ ഭക്തരുടെ മനംകവരുന്നതെന്ന് കെഎച്ച്എസ് ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ഹരി പിള്ള അറിയിച്ചു. സന്തോഷ് പിള്ള അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം