'സാമൂഹ്യ വ്യവസ്ഥ മനസിലാക്കാതെയുള്ള ഫീസ് വര്‍ധന പിന്‍വലിക്കണം'
Thursday, May 7, 2015 8:08 AM IST
ദമാം: പ്രവാസിസമൂഹത്തില്‍ ഇന്നു നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥ മനസിലാക്കാതെ രക്ഷിതാക്കളുടെ മേല്‍ കൂടുതല്‍ സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കുന്ന ഫീസ് വര്‍ധന ഒഴിവാക്കപ്പെടണമെന്നു നവോദയ ആവശ്യപ്പെട്ടു.

ജോലിയിലുള്ള അസ്ഥിരതയും സാമ്പത്തികമാന്ദ്യവും നേരിടുന്ന പൊതു സാഹചര്യം കാണാതെ പോകരുത്, ബഹുഭൂരിപക്ഷം രക്ഷിതാക്കളും ഇടത്തരക്കാരും സ്വയം കുടുംബപശ്ചാത്തല സൌകര്യങ്ങള്‍ ഒരുക്കുന്നവരുമാണ്. നിലവില്‍ ആശ്രിതര്‍ക്കും കുട്ടികള്‍ക്കും ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കുകയും സ്വദേശിവത്കരണത്തിന്റെ ഭാഗമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുകയും ചെയ്യുന്ന സാമൂഹിക സാഹചര്യം കാണാതെ പോകുന്നത് അപലപനീയമാണ്.

വിദ്യാഭ്യാസത്തെ കച്ചവടക്കണ്ണുകളോടെ സമീപിക്കുകയും അത്തരത്തില്‍ എട്ടു മില്ല്യണ്‍ ലാഭമുണ്െടന്ന് ഉദ്ഘോഷിക്കുകയും ചെയ്യുന്നവര്‍, അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിനുവേണ്ടിയാണു ഫീസ് വര്‍ധനയെന്നു പറയുന്നതു വിരോധാഭാസമാണ്.

ദമാം ഇന്ത്യന്‍ സ്കൂളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിലുള്ള വമ്പിച്ച വര്‍ധനയെ ഗുണകരമായി ഉപയോഗിക്കാതെ, ഫീസ് വര്‍ധനയിലൂടെ സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു വിദ്യാര്‍ഥികളെ എത്തിക്കുന്ന സമീപനങ്ങളാണ് അധികാരികള്‍ സ്വീകരിക്കുന്നത്. ഇതിലൂടെ പൊതു വിദ്യാഭ്യാസത്തെ തകര്‍ക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. ഇത്തരം താത്പര്യങ്ങള്‍ ഉള്ളവരെ മാത്രം എംബസിയുടെ ഹയര്‍ ബോഡിലേക്ക് നോമിനേറ്റു ചെയ്യപ്പെടുകയും സാമൂഹ്യ പ്രവര്‍ത്തകരെ ഇത്തരം ജനാധിപത്യ വേദികളില്‍നിന്ന് ഒഴിവാക്കപ്പെടുന്നതും സംശയാസ്പദമാണ്. ഇതിനെതിരായി ശക്തമായ പ്രതിഷേധം സമൂഹത്തില്‍നിന്ന് ഉയര്‍ന്നു വരണമെന്നു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം