ഐഎസ്സി യുവജനോത്സവം: മൂന്നൂറു പ്രതിഭകള്‍ മാറ്റുരയ്ക്കും
Thursday, May 7, 2015 6:28 AM IST
അബുദാബി: മൂന്നു ദിവസങ്ങളിലായി മുന്നൂറിലേറെ കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഇന്ത്യ സോഷ്യല്‍ സെന്റര്‍ യുവജനോത്സവത്തിനു മേയ് ഏഴിനു (വ്യാഴം) തിരി തെളിയും.

വൈകുന്നേരം ഏഴിനു നടക്കുന്ന ഉദ്ഘാന സമ്മേളനത്തോടെ മത്സരങ്ങള്‍ക്കു തുടക്കംകുറിക്കും. ഐഎസ്സിയില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന അഞ്ചു വേദികളിലായി 18 ഇനങ്ങളിലുള്ള മത്സരങ്ങളിലായാണു മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. മത്സരാര്‍ഥികള്‍ക്കു രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബാഡ്ജുകള്‍ നല്‍കി തുടങ്ങും. മുന്‍കൂട്ടി രജിസ്റര്‍ ചെയ്തവര്‍ക്കുമാത്രമേ മത്സരങ്ങളില്‍ പങ്കെടുക്കാനാവൂ.

ശനിയാഴ്ച വൈകുന്നേരം ഏഴിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്യും. മത്സരങ്ങളില്‍നിന്ന് ഏറ്റവുമധികം വ്യക്തിഗത പോയിന്റുകള്‍ നേടുന്നവര്‍ ഐഎസ്സി കലാപ്രതിഭ, കലാതിലകം പട്ടങ്ങള്‍ക്ക് അര്‍ഹരാകും.

ന്യൂക്ളിയസ് പ്രോപ്പര്‍ട്ടീസ്, എല്‍എന്‍എച്ച് ഹോസ്പിറ്റല്‍ എന്നീ സ്ഥാപനങ്ങളാണു മുഖ്യ സ്പോണ്‍സര്‍മാര്‍.

ഐഎസ്സി പ്രസിഡന്റ് രമേശ് പണിക്കര്‍, ജനറല്‍ സെക്രട്ടറി എം. അബ്ദുള്‍ സലാം, ലിറ്റററി സെക്രട്ടറി ഗോഡ്ഫ്രേ ആന്റണി, ജനറല്‍ കണ്‍വീനര്‍ അനില്‍ കുമാര്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.

തലസ്ഥാന നഗരിയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.