ബ്രാംട്ണ്‍ മലയാളി സമാജം ഹെല്‍പ്പിംഗ് ഹാന്‍ഡ് സഹായം വിതരണം ചെയ്തു
Wednesday, May 6, 2015 8:17 AM IST
ഒന്റാരിയോ: ബ്രാംട്ണ്‍ മലയാളി സമാജം ഹെല്‍പ്പിംഗ് ഹാന്‍ഡ് സ്വരൂപിച്ച കുടുംബ സഹായ നിധി മേയ് രണ്ടിന് (ശനി) വൈകുന്നേരം ചേര്‍ന്ന യോഗത്തില്‍ വിതരണം ചെയ്തു.

ബ്രാന്‍ഫോര്‍ഡില്‍ കഴിഞ്ഞ ദിവസം ജോലി സ്ഥലത്ത് മെഷീനില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഉണ്ടായ അപകടത്തെ തുടര്‍ന്നു മരിച്ച ഗുണയുടെ കുടുംബത്തിനുള്ള ധനസഹായ നിധിയാണ് വിതരണം ചെയ്തത്.

പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. മാത്യു ബേബി തുക വിതരണം ചെയ്തത്. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സന്മനസുള്ളവരില്‍ നിന്നും പിരിച്ചെടുത്ത 3875 ഡോളറാണ് ഗുണയുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറിയത്.

ഹെല്‍പ്പിംഗ് ഹാന്‍ഡ് പദ്ധതി പ്രകാരം സമൂഹത്തില്‍ രോഗങ്ങളാലും പെട്ടെന്നുണ്ടാകുന്ന അത്യാഹിതങ്ങളാലും വേദനയും ദുരിതവും അനുഭവിക്കുന്നവര്‍ക്കുവേണ്ടി ബ്രാംട്ണ്‍ മലയാളി സമാജം നടത്തിവരുന്ന 19 മത്തെ സഹായമാണ് വിതരണം ചെയ്തത്.

2015 റിപ്പബ്ളിക് ദിനത്തിലും ഹൃദയ സംബന്ധമായ രോഗിക്ക് നാട്ടില്‍ സഹായ ധനം എത്തിച്ചിരുന്നു. ഹെല്‍പ്പിംഗ് ഹാന്‍ഡ് പദ്ധതിയില്‍ ചേര്‍ന്ന് സമൂഹത്തിനു വെളിച്ചം ഏകിയ ഏവര്‍ക്കും കമ്മിറ്റി അംഗങ്ങള്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള