കെമ്ലി ഫിലിപ്പിനു ഷ്വൈറ്റ്സര്‍, ഹാജി ബാഷി അവാര്‍ഡുകള്‍
Wednesday, May 6, 2015 6:24 AM IST
ഹൂസ്റണ്‍: സാമൂഹ്യസേവനരംഗത്ത് നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കു യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഹൂസ്റണ്‍ ഗാല്‍വെസ്റണ്‍ നല്‍കുന്ന 2014-15ലെ ആല്‍ബര്‍ട്ട് ഷ്വൈറ്റ്സര്‍ ഫെലോഷിപ്പ് അവാര്‍ഡിന് അമേരിക്കന്‍ മലയാളിയായ കെമ്ലി ഫിലിപ്പ് അവാര്‍ഡിനു അര്‍ഹയായി. 3500 ഡോളറും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഇതോടെ ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജകൂടിയാണു കെമ്ലി.

ഇതോടൊപ്പം നേതൃപാടവത്തിനും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കുന്ന ഹാജി ബാഷി മെമ്മോറിയല്‍ ലീഡര്‍ഷിപ്പ് പുരസ്കാരവും കെമ് ലി ഫിലിപ്പ് കരസ്ഥമാക്കി. 750 ഡോളറും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

യുടി ഹെല്‍ത്ത് സ്റുഡന്റ് സെന്റര്‍ കൌണ്‍സില്‍ 2004 മുതല്‍ 2011 വരെ പ്രസിഡന്റ് പദമുള്‍പ്പെടെ വിവിധ തലങ്ങളില്‍ സേവനമനുഷ്ഠിച്ച ഹാജി ബാഷിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണു ഹാജി ബാഷി പുരസ്കാരം.

യുടി ഹൂസ്റണ്‍ മെഡിക്കല്‍ ആന്‍ഡ് ഗ്രാജ്വേറ്റ് സ്കൂള്‍ ഓഫ് ബയോ സയന്‍സില്‍ എംഡി, പിഎച്ച്ഡി അഞ്ചാം വര്‍ഷ വിദ്യാര്‍ഥിനിയാണു കെമ്ലി.

ഇന്ത്യന്‍ സമൂഹത്തിനും പ്രത്യേകിച്ച് അമേരിക്കന്‍ മലയാളിസമൂഹത്തിനും പ്രോത്സാഹനം നല്‍കുന്നതാണു കെമ്ലിയുടെ അവാര്‍ഡ്.

ഇന്ത്യ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റണ്‍ സെക്രട്ടറി ഡോ. അന്നാ കെ. ഫിലിപ്പിന്റെയും ട്രഷറര്‍ റോബിന്‍ ഫിലിപ്പിന്റെയും മകളാണു കെമ്ലി.

ബഹുമുഖ പ്രതിഭയായ കെമ്ലി ബസ്റ് ബഡീസ് എന്ന സംഘടനയുടെ സെക്രട്ടറി പദത്തിലിരുന്ന് 2006 മുതല്‍ ഹൂസ്റണിലെ ബുദ്ധിമാന്ദ്യം ഉള്ള നിരവധി വ്യക്തികളുടെ സഹായത്തിനും വ്യക്തിത്വ വികസനത്തിനും ഉതകുന്ന പരിപാടികള്‍ നടത്തി ജനശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. യൂണിവേഴ്സിറ്റി ഓഫ് ടെക്സസുമായി സഹകരിച്ച ഇവര്‍ക്കുവേണ്ടി ഹെല്‍ത്ത് ഫെയറും ഇവന്റുകളും നടത്തിവരുന്നു.

സ്റുഡന്റ് ലീഡര്‍കൂടിയായ കെമ് ലി ടെക്സസ്-മെക്സിക്കോ ബോര്‍ഡറില്‍ അവശതയനുഭവിക്കുന്നവരെയും രോഗികളെയും സഹായിക്കുന്നതിനു നിരവധി കര്‍മപരിപാടികള്‍ ആവിഷ്കരിച്ചു നടപ്പാക്കി വരുന്നു. അതിര്‍ത്തിയില്‍ ഇന്‍ഷ്വറന്‍സ് ഇല്ലാത്ത വ്യക്തികളെ സഹായിക്കുന്നതിനു നിരന്തരം യാത്ര ചെയ്യുന്ന കെമ്ലിയും സുഹൃത്തുക്കളും വീടുകള്‍ സന്ദര്‍ശിച്ചു ബോധവത്കരണ പരിപാടികളും നടത്തിവരുന്നു.

റൈസ് സര്‍വകലാശാലയില്‍നിന്നു ബയോ എന്‍ജിനിയറിംഗ് ബിരുദവും ഉന്നതബിരുദവും എടുത്ത കെമ്ലി, ആതുര സേവനരംഗത്ത് പ്രവര്‍ത്തിക്കുന്നതിനുള്ള അഭിവാഞ്ചമൂലം എംഡി, പിഎച്ച്ഡി രംഗത്തേക്ക് ശ്രദ്ധ തിരിച്ചു. റൈസ് യൂണിവേഴ്സിറ്റിയില്‍ ട്യൂട്ടറായും സേവനമനുഷ്ഠിച്ചു. നാലാം വയസുമുതല്‍ നൃത്തത്തിലും സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുള്ള കെമ് ലി നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സിഎസ്ഐ ഇടവകയില്‍ എട്ടു വര്‍ഷത്തോളം സണ്‍ഡേ സ്കൂള്‍ അധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭര്‍ത്താവ്: ഡോ. മൈക്കിള്‍ റോബര്‍ട്ട് പാണ്ഡ്യ, സഹോദരി: ക്രിസ്ലി ഫിലിപ്പ്.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി