സഭ അവതരിപ്പിക്കുന്ന സമന്വയം മേയ് 15ന്
Wednesday, May 6, 2015 6:23 AM IST
കുവൈറ്റ്: മധ്യ പൂര്‍വേഷ്യയിലെ ആദ്യത്തെ നൃത്ത സംഗീത സഭയായ കുവൈറ്റിലെ സഭ അവതരിപ്പിക്കുന്ന ആറാമത് സഭ, സമന്വയം മേയ് 15ന് വൈകുന്നേരം ആറിനു സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ശാസ്ത്രീയ കലകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സഭ ഇതുവരെ അഞ്ചു ശാസ്ത്രീയ നൃത്ത സംഗീതോത്സവങ്ങള്‍ സംഘടിപ്പിച്ചു. ഹിന്ദുസ്ഥാനി കര്‍ണാടക സംഗീതം, ഭരതനാട്യം ഒഡീസി നൃത്തം ഇവയുടെ ജുഗല്‍ബന്ദി ആയിരുന്നു തരംഗ് എന്ന കഴിഞ്ഞ സഭ.

തുടര്‍ച്ചയായി നാലു വര്‍ഷങ്ങളില്‍ കേരള സ്കൂള്‍ കോളജ് കലോത്സവങ്ങളില്‍ കലാതിലകം നേടിയ ദ്രൌപദി പദ്മിനി സഹോദരിമാരാണ് ഇത്തവണ സഭയില്‍ നൃത്ത സമന്വയം അവതരിപ്പിക്കുന്നത്. 'നീലമന സഹോദരിമാര്‍' എന്നറിയപ്പെടുന്ന ഇരുവരും വൈദ്യശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയെങ്കിലും ഭരതനാട്യത്തില്‍ ഡോ. ദ്രൌപതിയും കുച്ചിപ്പുടിയില്‍ ഡോ. പദ്മിനിയും ഡോക്ടറേറ്റ് കരസ്ഥമാക്കി. ഇന്ത്യയുടെ പ്രശസ്തമായ മിക്ക നൃതോത്സവങ്ങളിലും പങ്കെടുത്തിട്ടുള്ള ഇവര്‍ ആദ്യമായാണു കുവൈറ്റില്‍ പരിപാടി അവതരിപ്പിക്കുന്നത്. ഇവരുടെ കുച്ചിപ്പുടി ഭരതനാട്യം നൃത്ത സമന്വയം എന്നിവ വന്‍ ആസ്വാദക ശ്രദ്ധ നേടിയിട്ടുണ്ട്.

പ്രഫ. തിരുവിഴാ ഉല്ലാസ് വയലിനിലും പെരുന്ന ഹരികുമാര്‍ മൃദംഗം, രാഗേഷ് രാമകൃഷ്ണന്‍ ഘടം എന്നിവര്‍ താളവാദ്യങ്ങളിലും അവതരിപ്പിക്കുന്ന രാഗലയ സമന്വയം വേറിട്ട ഒരിനമായിരിക്കും.

5.30 മുതല്‍ ഓഡിറ്റോറിയത്തിലേക്ക് പ്രവേശനം ആരംഭിക്കും. പ്രവേശനം സൌജന്യമാണ്.

മുന്‍കാലങ്ങളില്‍ സഭയ്ക്കു നല്‍കിയ പ്രോത്സാഹനങ്ങളും സഹകരണങ്ങളും എല്ലാവരില്‍നിന്നു പ്രതീക്ഷിക്കുന്നതായി സഭ ചെയര്‍മാന്‍ വിജയ് കാരയില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍