ഇര്‍വിംഗില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ ആഘോഷിച്ചു
Wednesday, May 6, 2015 6:20 AM IST
ഡള്ളസ്: ഇര്‍വിംഗ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ നേതൃത്വത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ മേയ് ഒന്നു മുതല്‍ മൂന്നു വരെ ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു.

ശുശ്രൂഷകള്‍ക്കു യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ മാത്യു മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാ. തമ്പാന്‍ വര്‍ഗീസ്, ഫാ. ജോണ്‍ കുന്നത്തുശേരി, ഫാ. രാജു ദാനിയേല്‍, ഫാ. ക്രിസ്റഫര്‍ മാത്യു, ഫാ. മാറ്റ് അലക്സാണ്ടര്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്നു നടന്ന റാസ, നേര്‍ച്ച വിളമ്പ്, ആത്മീയ പ്രഭാഷണം, വിശുദ്ധ കുര്‍ബാന, സ്നേഹവിരുന്ന് എന്നിവയോടുകൂടി പെരുന്നാള്‍ സമാപിച്ചു.

വിശുദ്ധന്റെ മാധ്യസ്ഥം വഴിയുള്ള പ്രാര്‍ഥന മനുഷ്യജീവിതത്തിന്റെ വെല്ലുവിളികള്‍ നിറഞ്ഞ അനുഭവങ്ങളില്‍നിന്നു മോചനം പ്രാപിക്കുവാനും ജീവിത വിജയം നേടുവാനും സാധിക്കുമെന്നു മെത്രാപ്പോലീത്ത പറഞ്ഞു.

നോര്‍ത്ത് ടെക്സസില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള ഏക ദേവാലയമായ സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയില്‍ നടന്ന പെരുന്നാളില്‍ സണ്‍ഡേ സ്കൂള്‍, എംജിഒസിഎസ്എം, മര്‍ത്ത മറിയം വനിതാ സമാജം, ഒസിവൈഎം, സെന്റ് ജോര്‍ജ് മലയാളം സ്കൂള്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ വിവിധ സ്റാളുകള്‍ തട്ടുകട, ചെണ്ടമേളം, ബാന്‍ഡ് എന്നിവ ആഘോഷങ്ങള്‍ക്കു ചാരുത പകര്‍ന്നു.

മെത്രാപ്പോലിത്തായുടെ ജന്മദിനമായ മേയ് മൂന്നിനു കേക്കു മുറിച്ചും ഡാളസ് റീജണല്‍ സണ്‍ഡേസ്കൂള്‍ മത്സരങ്ങളില്‍ രണ്ടാം സ്ഥാനം ലഭിച്ച ഇര്‍വിംഗ് സെന്റ് ജോര്‍ജ് ഇടവകയെ മെത്രാപ്പോലീത്ത അനുമോദിച്ചതും പുതുമ നിറഞ്ഞ അനുഭവമായിരുന്നു.

ഇടവക വികാരി ഫാ. തമ്പാന്‍ വര്‍ഗീസ്, ട്രസ്റി ബേബി ഉതുപ്പ്, സെക്രട്ടറി സന്തോഷ് ബി. സ്കറിയ എന്നിവര്‍ പെരുന്നാളില്‍ സംബന്ധിച്ച ഏവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം