'മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഐക്യം പുനഃസ്ഥാപിക്കണം'
Wednesday, May 6, 2015 6:19 AM IST
ഡളളസ്: മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ വളര്‍ന്നു വരുന്ന അനൈക്യം സമൂഹത്തോടുളള പ്രതിബദ്ധത നിറവേറ്റുന്നതിനു തടസം സൃഷ്ടിക്കുമെന്ന് ഇന്ത്യ പ്രസ് ക്ളബ്ബ് ഓഫ് നോര്‍ത്ത് ടെക്സസ് ചാപ്റ്റര്‍ യോഗം വിലയിരുത്തി.

മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ വിഘടന വാദം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ കണ്െടത്തി ഒറ്റപ്പെടുത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു. നോര്‍ത്ത് അമേരിക്കയിലും ഇതര രാഷ്ട്രങ്ങളിലും മലയാളം ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്കു വായനക്കാര്‍ വര്‍ധിച്ചു വരുന്നതായും കണക്കുകള്‍ ഉദ്ധരിച്ച് ചാപ്റ്റര്‍ പ്രസിഡന്റ് ജോസ് പ്ളാക്കാട്ട് പറഞ്ഞു.

മേയ് മൂന്നിന് വൈകുന്നേരം അഞ്ചിന് ഗാര്‍ലന്‍ഡിലുളള ഇന്ത്യാ ഗാര്‍ഡന്‍സില്‍ ചേര്‍ന്ന ചാപ്റ്റര്‍ പ്രവര്‍ത്തകയോഗത്തില്‍ പ്രസിഡന്റ് ജോസ് പ്ളാക്കാട്ട് അധ്യക്ഷത വഹിച്ചു. ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക നവംബറില്‍ ഷിക്കാഗോയില്‍ നടത്തുന്ന ആറാമത് ദേശീയ സമ്മേളനത്തെക്കുറിച്ചു യോഗം ചര്‍ച്ച ചെയ്തു. ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനു തയാറെടുക്കുന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനം ജൂണ്‍ അവസാന വാരം നടത്തുന്നതിനു യോഗം തീരുമാനിച്ചു. ഏബ്രഹാം തോമസ് സ്വാഗതവും ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍