റവ. ഡോ. സജു മാത്യുവിനു കിംഗ്സ് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചു
Tuesday, May 5, 2015 8:26 AM IST
ഹൂസ്റണ്‍: അമേരിക്കയിലെ പ്രശസ്തമായ കിംഗ്സ് യൂണിവേഴ്സിറ്റി ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവക വികാരി റവ. ഡോ. സജു മാത്യുവിനു ഡിലിറ്റ് (കമ്യൂണിക്കേഷന്‍സ്) നല്‍കി ആദരിച്ചു.

വാഷിംഗ്ടണ്‍ ഡിസിയില്‍ ഹോട്ടല്‍ റിനൈസന്‍സ് ഡൌണ്‍ ടൌണില്‍ മേയ് രണ്ടിന് നടന്ന ചടങ്ങില്‍ യൂണിവേഴ്സിറ്റി ചാന്‍സലര്‍ ഡോ. റിച്ചാര്‍ഡ് ഐ ഫിഷറിന്റെ സാന്നിധ്യത്തില്‍ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. സെല്‍വിന്‍ കുമാറില്‍നിന്ന് ഡി-ലിറ്റ് സര്‍ട്ടിഫിക്കറ്റ് റവ. സജു മാത്യു ഏറ്റുവാങ്ങി.

തനിക്ക് ദൈവദത്തമായി ലഭിച്ചിരിക്കുന്ന ബഹുമുഖതാലന്തുകളില്‍കൂടി പ്രത്യേകിച്ച് മാജിക്കില്‍ കൂടി സുവിശേഷ പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന സംഭാവനകളെ മാനിച്ചാണ് യൂണിവേഴ്സിറ്റി ഡി-ലിറ്റ് നല്‍കി ആദരിച്ചത്.

പ്രസംഗത്തിലൂടെയും സംഗീതത്തില്‍ കൂടിയും മാത്രമല്ല, മാജിക്കും സുവിശേഷ പ്രഘോഷണത്തിനുള്ള ഉത്തമ മാധ്യമം തന്നെ എന്നു മനസിലാക്കിയ റവ. സജു മാത്യു മാജിക്കിന്റെ അനന്ത സാധ്യതകളെ പ്രഘോഷണത്തിനായി ഉപയോഗിച്ചുവരുന്നു.

മാജിക് രംഗത്തെ ഓസ്കാര്‍ എന്ന് വിശേഷിപ്പിക്കുന്ന മെര്‍ലിന്‍ അവാര്‍ഡിനൊപ്പം ഡോക്ടര്‍ ഓഫ് മാജിക് സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങിയ ലോകത്തിലെ ആദ്യ വൈദികന്‍ എന്ന ചരിത്രം സൃഷ്ടിച്ച റവ. ഡോ. സജു മാത്യുവിനു രണ്ടു മാസത്തിനുള്ളില്‍ ലഭിക്കുന്ന രണ്ടാമത്തെ ഡോക്ടറേറ്റാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

പത്തനാപുരം ചാച്ചിപുന്ന നെല്ലിക്കല്‍ മത്തായി ജോണിന്റെയും സൂസമ്മയുടെ മകനാണ് റവ. സജു മാത്യു. ഭാര്യ കുമ്പനാട് മൂത്തേടത്ത് ബിന്‍സി. മക്കള്‍: ജോയല്‍, ജോയന്ന. സഹോദരങ്ങള്‍: ഡോ. വിജു മാത്യു (ഒമാന്‍), ഡോ. ഷിജു മാത്യു (സൌദി യൂണിവേഴ്സിറ്റി).

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി