നേപ്പാള്‍ ദുരന്തം: മര്‍ത്തോമ സഭ വീടുകള്‍ നിര്‍മിച്ചു നല്‍കും
Tuesday, May 5, 2015 8:21 AM IST
ന്യൂയോര്‍ക്ക്: നേപ്പാള്‍ പ്രകൃതി ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് മര്‍ത്തോമ സഭയുടെ സഹായ വാഗ്ദാനം. മര്‍ത്തോമ സഭ ഒരു കോടി രൂപാ ചെലവാക്കി 20 കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കും. ഒരു കെട്ടിടത്തിന് അഞ്ചു ലക്ഷം വീതം 20 കെട്ടിടങ്ങള്‍ തത്കാലം നിര്‍മിച്ചു നല്‍കുമെന്ന് മര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ റൈറ്റ് റവ. ഡോ. ജോസഫ് മര്‍ത്തോമ ഇടവകള്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു.

ഗവണ്‍മെന്റുമായി സഹകരിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. അപ്രതീക്ഷിതമായ പ്രകൃതി ദുരന്തങ്ങള്‍ക്കിരയാകുന്നവര്‍ക്ക് സഹായ ഹസ്തവുമായി മുന്നിട്ടിറങ്ങുന്നതിനു സഭ പ്രത്യേകം പരിഗണന നല്‍കിയിട്ടുണ്ട്.

നോര്‍ത്ത് അമേരിക്ക ഉള്‍പ്പെടെയുളള എല്ലാ ഭദ്രാസനങ്ങളിലേയും ഇടവകകള്‍ ഒരു ഞായറാഴ്ചത്തെ സ്തോത്രകാഴ്ച ഇതിനായി വേര്‍തിരിച്ചു. ജൂണ്‍ 30 നു മുമ്പ് സഭാ ഓഫീസിലടക്കണമെന്നും തിരുമേനി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍