ഗോപിയോ കമ്യൂണിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. ആസിഫ് സെയ്ദിന്
Tuesday, May 5, 2015 5:01 AM IST
ഷിക്കാഗോ: ഇന്ത്യക്കാരുടെ ആഗോള സംഘടനയായ ഗോപിയോ ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഓക്ബ്രൂക്ക് മാരിയറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ബിസിനസ് കോണ്‍ഫറന്‍സില്‍ വെച്ച് സംഘടനയുടെ സുപ്രധാന അവാര്‍ഡായ കമ്യൂണിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. ആസിഫ് സെയ്ദിന് യു.എസ് കോണ്‍ഗ്രസ് മാന്‍ ഡാനി ഡേവിഡ് നല്‍കി.

ഗോപിയോ ഷിക്കാഗോയുടെ പ്രസിഡന്റ് ഗ്ളാഡ്സണ്‍ വര്‍ഗീസ് തന്റെ ആമുഖ പ്രസംഗത്തില്‍, ഡോ. ആസിഫ് സെയ്ദ് ഈ അവാര്‍ഡിന് ഏറ്റവും അര്‍ഹനായ വ്യക്തിയാണെന്നും, ഡോ. സെയ്ദ് കോണ്‍സുല്‍ ജനറല്‍ ആയതിനുശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തിലും താത്പര്യപ്രകാരവും അമേരിക്കയിലെ ഒമ്പത് മിഡ് വെസ്റേണ്‍ സ്റേറ്റുകളിലെ ഇന്ത്യന്‍ ജനതയ്ക്ക് ഏറ്റവും നല്ല സേവനങ്ങള്‍ നല്‍കാന്‍ ഷിക്കാഗോ കോണ്‍സുലേറ്റിന് സാധിച്ചതായും, ഈ സ്റേറ്റുകള്‍ക്ക് ഇന്ത്യയുമായി കൂടുതല്‍ വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.

കോണ്‍സല്‍ ജനറല്‍ ഡോ. സെയ്ദ് നല്ല എഴുത്തുകാരനും, പ്രാസംഗികനുമാണ്. 1989-ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ്) നേടിയശേഷം, ജിയോളജിയില്‍ ഡോക്ടറേറ്റും നേടുകയുണ്ടായി. അദ്ദേഹം ഇതിനു മുമ്പ് ഇന്ത്യന്‍ അംബാസിഡറായി യമന്‍, ഈജിപ്ത്, ഖത്തര്‍, സൌദി അറേബ്യ എന്നിവടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മറുപടി പ്രസംഗത്തില്‍ ഡോ. സെയ്ദ് ഗോപിയോ ഷിക്കാഗോയ്ക്കും, അമേരിക്കയിലുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും തന്റെ നന്ദിയും കടപ്പാടും അറിയിക്കുകയും, എല്ലാ സഹായങ്ങളും ഇന്ത്യന്‍ കമ്യൂണിറ്റിക്ക് നല്‍കുമെന്നും പ്രസ്താവിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം