ഷിക്കാഗോ സെന്റ് ജോര്‍ജ് പള്ളി പെരുന്നാള്‍ മേയ് 16, 17 തീയതികളില്‍
Monday, May 4, 2015 8:40 AM IST
ഷിക്കാഗോ: ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ മേയ് 16, 17 (ശനി, ഞായര്‍) തീയതികളില്‍ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത ഏബ്രഹാം മോര്‍ സേവേറിയോസിന്റെ മുഖ്യകാര്‍മികത്വത്തിലും ഗീവര്‍ഗീസ് തെക്കേക്കര കോര്‍എപ്പിസ്കോപ്പ, ഫാ. ലിജു പോള്‍ എന്നീ വൈദികരുടെ സഹകാര്‍മികത്വത്തിലും ഷിക്കാഗോയിലെ സഹോദരീ ഇടവകകളിലെ വൈദികരുടെയും വിശ്വാസികളുടെയും സഹകരണത്തിലും നടത്തുന്നതിനു നിശ്ചിയിച്ചിരിക്കുന്നു.

മേയ് 10നു വിശുദ്ധ കുര്‍ബാനാനന്തരം പെരുന്നാളിന്റെ മുന്നോടിയായ കൊടിയേറ്റത്തോടുകൂടി പെരുന്നാളിനു തുടക്കംകുറിക്കും.

16നു(ശനി) വൈകുന്നേരം 6.30നു സന്ധ്യാപ്രാര്‍ഥനയ്ക്കുശേഷം സുവിശേഷ പ്രസംഗം ഉണ്ടായിരിക്കും.

17നു(ഞായര്‍) രാവിലെ ഒമ്പതിനു പ്രഭാത പ്രാര്‍ഥനയും 10ന് ഏബ്രഹാം മോര്‍ സേവേറിയോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും ഉണ്ടായിരിക്കും. 11.45നു റാസാ, 12.15നു ലേലം, 12.30നു നേര്‍ച്ച വിളമ്പ്, സ്നേഹവിരുന്ന്, ചെണ്ടമേളം എന്നീ രീതിയിലാണു ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. ഉച്ചകഴിഞ്ഞ് 2.15നു കൊടിയിറക്കത്തോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ പര്യവസാനിക്കും.

ഈ വര്‍ഷം പെരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നതു മാണി ഡാനിയേലും മാത്യു പി. ജോര്‍ജും അവരുടെ കുടുംബാംഗങ്ങളുമാണ്.

ഇടവക വികാരി ഗീവര്‍ഗീസ് കോര്‍എപ്പിസ്കോപ്പ തെക്കേക്കര, ഫാ. ലിജു പോള്‍, വൈസ് പ്രസിഡന്റ് രാജന്‍ തോമസ്, സെക്രട്ടറി റെജിമോന്‍ ജേക്കബ്, ട്രഷറര്‍ മാമ്മന്‍ കുരുവിള, കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നു പെരുന്നാള്‍ ആഘോഷ ചടങ്ങുകള്‍ നിയന്ത്രിക്കും.

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിന് ഏവരെയും വികാരി ഗീവര്‍ഗീസ് തെക്കേക്കര കോര്‍എപ്പിസ്കോപ്പ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം