സലീമിന്റെ മൃതദേഹം റിയാദില്‍ ഖബറടക്കി
Monday, May 4, 2015 8:10 AM IST
റിയാദ്: ഏപ്രില്‍ 29നു റിയാദ് ദീരയിലെ താമസസ്ഥലത്തു മരിച്ച തിരുവനന്തപുരം വെഞ്ഞാറമൂട് തേമ്പാംമൂട് തലേക്കുന്നില്‍ സ്വദേശി അബ്ദുറഹ്മാന്‍ സലീമിന്റെ (50) മൃതദേഹം തിങ്കളാഴ്ച അസര്‍ നമസ്കാരശേഷം നസീമിലെ ഹയ്യല്‍ സലാം മഖ്ബറയില്‍ ഖബറടക്കി.

എക്സിറ്റ് 15ലെ അല്‍രാജ്ഹി മസ്ജിദില്‍ മയ്യത്ത് നമസ്കാരം നിര്‍വഹിക്കും. 20 വര്‍ഷത്തിലേറെയായി റിയാദിലുള്ള സലീം നിര്‍മാണ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്‍ എംപി തലേക്കുന്നില്‍ ബഷീറിന്റെ അടുത്ത ബന്ധുവുമാണ്. പ്രമേഹരോഗിയായിരുന്ന സലീം ദീരയില്‍ ഒറ്റയ്ക്കായിരുന്നു താമസം. രണ്ടുദിവസമായി കാണാത്തതുകൊണ്ട് സുഹൃത്ത് അന്വേഷിച്ചുചെന്നപ്പോഴാണു മരിച്ചുകിടക്കുന്നത് കണ്ടത്.

ഷുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാദിലുള്ള ബന്ധുക്കളും ഒഐസിസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നാസര്‍ കല്ലറയുമാണു രംഗത്തുണ്ടായിരുന്നത്. ഭാര്യ സാജിതയും രണ്ടു പെണ്‍മക്കളും ബംഗളുരുവിലാണു താമസം.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍