തോമസ് ടി. ഉമ്മന്‍ ഫോമയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥി
Sunday, May 3, 2015 4:08 AM IST
ന്യൂയോര്‍ക്ക്: ഫോമയെ പുതിയ മാര്‍ഗദര്‍ശനത്തിലൂടെ ജനഹൃദയങ്ങളിലേക്ക് ആകര്‍ഷിക്കത്തക്ക വിധത്തില്‍ അതിന്റെ രൂപകല്പനയില്‍ മാറ്റം വരുത്തുമെന്ന് അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങുന്ന തോമസ് ടി. ഉമ്മന്‍ പറഞ്ഞു.

അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഫോമ ഇപ്പോള്‍ ഒരു അംഗീകരിക്കപ്പെട്ട സംഘടനയായി മാറിക്കഴിഞ്ഞു. അതിലെ മുന്‍പ്രവര്‍ത്തകര്‍ തുടങ്ങിവച്ച പല സംരംഭങ്ങളും ഇപ്പോഴത്തെ പ്രവര്‍ത്തകര്‍ പ്രാവര്‍ത്തികമാക്കുന്നുമുണ്ട്. എങ്കിലും, ഇതില്‍ കൂടുതല്‍ ചെയ്യാമെന്ന വിശ്വാസമാണു തന്നെ പ്രസിഡന്റു സ്ഥാനം ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് തോമസ് ടി ഉമ്മന്റെ നിലപാട്.

ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് തന്റെ കഴിവു തെളിയിച്ചിട്ടുള്ള തോമസ് ടി. ഉമ്മന്‍, ഫോമയുടെ പൊളിറ്റിക്കല്‍ ഫോറം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്കാലയളവില്‍ അമേരിക്കന്‍ മലയാളികള്‍ നേരിട്ടിരുന്ന നിരവധി പ്രശ്നങ്ങള്‍ക്കു പ്രത്യക്ഷമായും പരോക്ഷമായും തന്റെ കഴിവനുസരിച്ച് സഹായസഹകരണങ്ങള്‍ ചെയ്തിട്ടുണ്െടന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് എടുത്തുപറയാനുള്ളത് ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും വിവിധ സാമൂഹ്യസംഘടനകളെയും ഏകോപിപ്പിച്ച് അദ്ദേഹം നടത്തിയ ടൌണ്‍ മീറ്റിംഗുകളാണ്. ഈ മീറ്റിംഗുകളില്‍ പ്രവാസികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് നേരിട്ടുകൊണ്ടിരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ കോണ്‍സുലേറ്റ് ഉദ്യാഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞെന്നുള്ളതാണ്. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കിലും, ഇന്ത്യാ ഗവണ്മെന്റും പ്രവാസികളുമായുള്ള ജനസമ്പര്‍ക്ക പരിപാടി ലളിതമാക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്. താന്‍ ഫോമയുടെ പ്രസിഡന്റ് പദവിയിലെത്തിക്കഴിഞ്ഞാല്‍ താന്‍ തുടങ്ങിവെച്ച ഈ ഉദ്യമം പുനരാരംഭിക്കാനും തദ്വാരാ പ്രവാസിസമൂഹം ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന പല പ്രശ്നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണാന്‍ കഴിയുമെന്നുറപ്പുണ്െടന്ന് തോമസ് ടി. ഉമ്മന്‍ പറഞ്ഞു.

2010 മേയ് 26നു തന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. കാലഹരണപ്പെട്ട ഇന്ത്യന്‍ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യുന്നതിനായി 175 ഡോളര്‍ (ഏകദേശം 8252 രൂപ) ഫീസ് (പിഴ) കൊടുക്കണമെന്നും, അല്ലാത്ത പക്ഷം അമേരിക്കന്‍ പൌരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്കു കനത്ത പിഴ പിന്നീട് നല്‍കേണ്ടിവരുമെന്ന കാടന്‍ നിയമത്തിനെതിരേയായിരുന്നു അന്നു പ്രകനം നടത്തിയത്. നിരവധി പേര്‍ തുടക്കത്തില്‍ തന്റെ പിന്നില്‍ അണിനിരക്കാമേന്നേറ്റിരുന്നെങ്കിലും, അവസാന നിമിഷം കാലുമാറിയ കഥയും തോമസ് ടി. ഉമ്മന്‍ പറഞ്ഞു. പക്ഷേ, ദൃഢനിശ്ചയവും ഇച്ഛാശക്തിയുമാണ് തന്നെ അന്ന് ആ പ്രകടനത്തിന് പ്രേരിപ്പിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ കൂടെ സധൈര്യം അണിനിരന്നവരില്‍ ഫോമ പ്രവര്‍ത്തകരുമുണ്ടായിരുന്നതായി തോമസ് ടി. ഉമ്മന്‍ പറഞ്ഞു. തങ്ങളുടെ ന്യായമായ അവകാശങ്ങളടങ്ങിയ നിവേദനം പോലും വാങ്ങാന്‍ തയാറാവാതെ, ഭീഷണിപ്പെടുത്തുകയും, ഫെഡറല്‍ പോലീസിനെക്കൊണ്ട് അറസ്റ് ചെയ്യിക്കാനും വരെ മുതിര്‍ന്നവരാണ് അന്നത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യാഗസ്ഥര്‍. പിന്മാറുകയില്ലെന്നുറപ്പായത്തോടെ സെക്യൂരിറ്റിയെക്കൊണ്ടു നിവേദനം വാങ്ങിപ്പിച്ചവരാണവര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെയും അനുയായികളുടേയും സമ്മര്‍ദ്ദം കൊണ്ടാണ് ഇപ്പോള്‍ ലക്ഷക്കണക്കിന് ഇന്ത്യന്‍ വംശജര്‍ ഇന്ത്യാ ഗവണ്മെന്റിന്റെ കഴുത്തറപ്പന്‍ പിഴയില്‍ നിന്നു മോചിതരായി 175 ഡോളറില്‍നിന്നു വെറും 25 ഡോളര്‍ ഫീസ് നല്‍കുന്നതെന്നും തോമസ് ടി. ഉമ്മന്‍ പറഞ്ഞു. തന്നെയുമല്ല, ആ പ്രതിഷേധ പ്രകടനത്തിനുശേഷം ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മനോഭാവത്തിന് മാറ്റം വരികയും, മേലുദ്ധരിച്ച ടൌണ്‍ മീറ്റിംഗുകള്‍ സംഘടിപ്പിക്കുവാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. അന്നത്തെ ആ സമരത്തിന് 2015 മെയ് 26ന് അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ തന്റെ അന്നത്തെ പ്രവര്‍ത്തനങ്ങള്‍ക്കു ഫലം കണ്ട സംതൃപ്തിയും അദ്ദേഹം പങ്കുവെച്ചു. അന്നത്തെ ഊര്‍ജ്ജസ്വലതയോടെതന്നെയാണ് താന്‍ ഫോമയുടെ പ്രസിഡന്റ് പദവിയിലേക്കു മത്സരിക്കാന്‍ തയാറായിരിക്കുന്നതെനും അദ്ദേഹം പറഞ്ഞു.

അറുപതുകളിലും എഴുപതുകളിലും അമേരിക്കയിലേക്കു കുടിയേറിയ, വാര്‍ധക്യത്തിലേക്കു കാലൂന്നിയ മലയാളികളെ വിസ്മരിച്ചുകൊണ്ടാണു മിക്കവാറും എല്ലാ സംഘടനകളും ഇന്ന് പ്രവര്‍ത്തിക്കുന്നത്. പലരും വൃദ്ധസദനങ്ങളിലേക്കു തള്ളപ്പെടുകയാണ്. അവരെയും പരിഗണനയിലെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനമാണു താന്‍ ലക്ഷ്യമിടുന്നതെന്നു തോമസ് ടി. ഉമ്മന്റെ പ്രസ്താവനയില്‍ പറയുന്നു. അതുപോലെ യുവാക്കള്‍ക്കും വളര്‍ന്നുവരുന്ന ഇളം തലമുറയ്ക്കും ഗുണകരമാകത്തക്ക പദ്ധതികളും ആവിഷ്ക്കരിക്കും. താനും തന്റെ സഹപ്രവര്‍ത്തകരും വ്യക്തമായ ദിശാബോധത്തോടെയായിരിക്കും ഫോമയെ നയിക്കുക എന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് അമേരിക്കയിലെ മലയാളിസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹിക-സാംസ്കാരിക മൂല്യച്യുതിയെ നിര്‍മ്മാര്‍ജ്ജനം ചെയ്ത് കെട്ടുറപ്പുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് കാര്യപ്രാപ്തിയും ലക്ഷ്യബോധവുമുള്ള യുവാക്കളെ മുഖ്യധാരയില്‍ കൊണ്ടുവരണം. പല സംഘടനകളും ആ ലക്ഷ്യത്തോടെയാണു പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതെങ്കിലും, ഇടയ്ക്കു ലക്ഷ്യം തെറ്റുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. താന്‍ ഫോമയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ആ പ്രവണത അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്നു തോമസ് ടി. ഉമ്മന്‍ പറഞ്ഞു. മലയാളിസമൂഹത്തിന്റെ നന്മയെക്കരുതി ഫോമയും, ഫൊക്കാനയും, വേള്‍ഡ് മലയാളി കൌണ്‍സിലും, ഇതര ദേശീയ സംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണു തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. 'ലയനം' അസാധ്യമാണെങ്കിലും സമൂഹത്തിന്റെ പൊതുവായ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ എന്തുകൊണ്ട് ഈ സംഘടനകള്‍ക്ക് ഒന്നിച്ചുനിന്ന് പ്രവര്‍ത്തിച്ചുകൂടാ എന്നാണ് തോമസ് ടി. ഉമ്മന്റെ ചോദ്യം. തന്റെ ലക്ഷ്യവും അതുതന്നെയാണ്. എല്ലാ ദേശീയ, അന്തര്‍ദേശീയ സംഘടനകളില്‍ നിന്നും കഴിവും പ്രാപ്തിയുമുള്ളവരെ തെരഞ്ഞെടുത്ത് ഒരു കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുക. മലയാളി സമൂഹം നേരിടുന്ന ഗൌരവമേറിയ പ്രശ്നങ്ങള്‍ ഈ കോര്‍ഡിനേഷന്‍ കമ്മിറ്റി കൈകാര്യം ചെയ്ത് പരിഹാരം കാണുക. ജനങ്ങളുടെ പങ്കാളിത്തവും സഹകരണവുമുണ്െടങ്കില്‍ ഇതെല്ലാം നിഷ്പ്രയാസം സഫലമാക്കാവുന്നതേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ഉദാഹരണമായി ഈ അടുത്ത കാലത്ത് നിരവധി ആകസ്മിക സംഭവങ്ങള്‍ മലയാളി സമൂഹം നേരിട്ടുവെങ്കിലും അവയ്ക്കൊന്നിനും പരിഹാരം കാണാനോ ആ കുടുംബങ്ങള്‍ക്ക് ധാര്‍മ്മിക പിന്തുണ നല്‍കാനോ മാര്‍ഗദര്‍ശനം നല്‍കാനോ ഒരു സംഘടനകളും രംഗത്തുവരാതിരുന്നത് നിര്‍ഭാഗ്യകരമായിപ്പോയി എന്നാണ് തോമസ് ടി. ഉമ്മന്‍ പറയുന്നത്. അങ്ങനെയൊരു അവസ്ഥ ഇനി ഉണ്ടായിക്കൂടാ. ഫോമ പ്രസിഡന്റായി മത്സരിക്കുന്നത് പ്രസ്താവനകളിറക്കാനല്ല, മറിച്ച് പ്രവര്‍ത്തിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇന്ത്യന്‍ കോണ്‍സുലേറ്റും, ഉദ്യോഗസ്ഥരും, ഇന്ത്യാ ഗവണ്മെന്റിലെ നിരവധി ഉദ്യോഗസ്ഥരുമായി ഇപ്പോഴും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന തനിക്ക് ഫോമയുടെ പ്രസിഡന്റ് പദവിയിലിരുന്നുകൊണ്ട് നിരവധി കാര്യങ്ങള്‍ പ്രവാസികള്‍ക്കായി ചെയ്യാന്‍ സാധിക്കുമെന്ന വിശ്വാസമുണ്െടന്ന് തോമസ് ടി. ഉമ്മന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ എല്ലാ മലയാളികളും, വിശിഷ്യാ സംഘടനകളും പ്രതിനിധികളും, തനിക്ക് പിന്തുണ നല്‍കി വിജയിപ്പിക്കുമെന്ന ഉറച്ച വിശ്വാസമുണ്െടന്നും അദ്ദേഹം പറഞ്ഞു.

2010ല്‍ തോമസ് ടി. ഉമ്മന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്‍പില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ വാര്‍ത്ത: വു://ിലം.ൃലറശളള.രീാ/ശില്ൃേശലം/2010/ാമ്യ/27/ില്ംശമൃൌെഹലമൃെലൌിളമശൃളലലലീൃഃയശമിേ.വാ

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ