ഹൂസ്റണ്‍ എക്യുമെനിക്കല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് ടീം ജേതാക്കള്‍
Saturday, May 2, 2015 8:21 AM IST
ഹൂസ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റണിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റ് സമാപിച്ചു.

ഏപ്രില്‍ 11ന് പെയര്‍ലാന്റിലെ ഷാഡോ ക്രീക്ക് റാഞ്ച്ഗ്രൌണ്ടില്‍ നടന്ന ഫൈനലില്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ടീം ചാന്യന്മാരായി. ഹൂസ്റണിലെ വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ഏഴു ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.

ഫൈനലില്‍ ഇമ്മാനുവല്‍ മാര്‍ത്തോമ ടീം 12 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കേ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് നേടി ലക്ഷ്യം കണ്ടു.

വിജയികള്‍ എബി മാത്യു സംഭാവന ചെയ്ത കെ.കെ. മാത്യു കുറ്റിയില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി കരസ്ഥമാക്കി. റണ്ണര്‍ അപ്പിനുള്ള പെയര്‍ലാന്‍ഡ് അപ്നാ ബസാര്‍ സംഭാവന ചെയ്ത ട്രോഫി ഇമ്മാനുവല്‍ മാര്‍ത്തോമ ടീം കരസ്ഥമാക്കി. മാന്‍ ഓഫ് ദി മാച്ചായി റോയി മാത്യു (സെന്റ് തോമസ് ഓര്‍ത്തഡോക്സ്), ബെസ്റ് ബൌളറായി സാം അലക്സ് (ഇമ്മാനുവല്‍ മാര്‍ത്തോമ ചര്‍ച്ച്), മികച്ച ബാറ്റ്സ്മാനായി റോയി മാത്യുവും തെരഞ്ഞെടുക്കപ്പെട്ടു. ഏബ്രഹാം ഉമ്മന്‍, അലക്സ് ജോണ്‍, റോണി വര്‍ക്കി എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.

ഒന്നാം സെമിയില്‍ സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് ടീമിനെ തോല്‍പ്പിച്ച് ഇമ്മാനുവല്‍ മാര്‍ത്തോമ ടീം ഫൈനലില്‍ ഇടം കണ്െടത്തിയപ്പോള്‍ ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ചിനെ പരാജയപ്പെടുത്തി സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ടീം ഫൈനലില്‍ പ്രവേശിച്ചു.

സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, സെന്റ് മേരിസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച്, സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് എന്നീ ടീമുകളാണു ടൂര്‍ണമെന്റില്‍ മത്സരിച്ച മറ്റു ടീമുകള്‍.

ടൂര്‍ണമന്റിന്റെ വിജയത്തിനായി റവ. റോയി തോമസ് കണ്‍വീനറായി ഡോ. അന്നാ കെ. ഫിലിപ്പ്, റോബിന്‍ ഫിലിപ്പ്, എബി മാത്യു, റെജി ജോണ്‍, നൈനാന്‍ വീട്ടിനാല്‍, തോമസ് വൈക്കത്തുശേരില്‍, റോണി വര്‍ക്കി തുടങ്ങിയവരുടെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി