ഡാളസ് സൌഹൃദ വേദിയുടെ മദേഴ്സ് ഡേ മേയ് 10ന്
Saturday, May 2, 2015 8:09 AM IST
ഡാളസ്: കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ഡാളസിലെ കലാ-സാംസ്കാരിക സംഘടനയായ ഡാളസ് സൌഹൃദവേദി പുതുമയുടെ പാതയിലൂടെ ജൈത്ര യാത്ര തുടരുന്നു.

അമ്മമാര്‍ക്കു കൂടുതല്‍ ആദരവും സ്നേഹവും നല്‍കികൊണ്ട് മേയ് 10നു (ഞായര്‍) വൈകുന്നേരം അഞ്ചിനു വിവിധ കലാപരിപാടികളോടുകൂടി കാരോള്‍ട്ടണിലുള്ള സാബു ഇന്ത്യന്‍ ഷോപ്പ് ഓഡിറ്റോറിയത്തില്‍ മദേഴ്സ് ഡേ ആഘോഷിക്കുന്നു. കുട്ടികള്‍ റോസ് പൂക്കള്‍ നല്‍കി അമ്മമാരേ വേദിയിലേക്ക് ആനയിക്കും.

പ്രസിഡന്റ് എബി തോമസിന്റെ അധക്ഷതയില്‍ കൂടുന്ന യോഗത്തില്‍ സെക്രട്ടറി അജയകുമാര്‍ സൌഹൃദവേദി കുടുംബാംഗങ്ങളെ സ്വാഗതം ചെയ്യും. ആഘോഷ ചടങ്ങുകളില്‍ റിട്ട. ഹൈസ്കൂള്‍ അധ്യാപിക സാറാ ചെറിയാന്‍ മുഖ്യ പ്രസംഗിക ആയിരിക്കും.

പുനലൂരിലുള്ള വിവിധ വനിതാ സംഘടനയുടെ നേതൃത്വം വഹിച്ചിട്ടുള്ള സാറാ ചെറിയാന്‍ കേരള സര്‍ക്കാരില്‍നിന്നു വിവിധ കലാ, സംസ്കാരിക സംഘടനകളില്‍നിന്നു ധാരാളം പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

സമ്മേളനത്തില്‍ ഫിലിപ്പ് തോമസ് സിപിഎ, പ്രഫ. എലിസബത്ത് സ്കറിയ, ഏലികുട്ടി ഫ്രാന്‍സിസ്, അനുപാ സം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാാരിക്കും. അമ്മമാരെ ആദരിച്ചുകൊണ്ടു ജോസന്‍ ജോര്‍ജ്, അജയ കുമാര്‍ എന്നിവര്‍ കവിത പാരായണം ചെയ്യും. സുകു വര്‍ഗീസ്, സുനിത ജോര്‍ജ്, നിഷ ബിന്‍സെന്റ് എന്നിവര്‍ ലളിത ഗാനം ആലപിക്കുന്നതോടോപ്പം, ബാല കലാതിലകം നടാഷ കൊക്കൊടിലിന്റെ ക്ളാസിക്കല്‍ നൃത്തവും വേദിയില്‍ അരങ്ങേറും.

യോഗത്തിനു ശേഷം കേരള വിഭവങ്ങളടങ്ങിയ രുചിപ്രധാനമായ ഡിന്നറും ഒരുക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ