'ദമാം ഇന്ത്യന്‍ സ്കൂള്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹം'
Saturday, May 2, 2015 8:08 AM IST
ദമാം: ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതി തെരഞ്ഞെടുപ്പ് കഴിഞ്ഞ് വിജയിച്ച പുതിയ കമ്മിറ്റിക്ക് അധികാരം കൈമാറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യന്‍ സമൂഹത്തിന്റെ വ്യാപക പ്രതിഷേധം ക്ഷണിച്ചു വരുത്തുന്ന ഫീസ് വര്‍ധനയുടെ സര്‍ക്കുലര്‍ പുറപ്പെടുവിച്ച നടപടി അപലപനീയമാണെന്നു കിഴക്കന്‍ പ്രവിശ്യാ കെഎംസിസി പ്രവര്‍ത്തക സമിതിയോഗം അഭിപ്രായപ്പെട്ടു.

കുറഞ്ഞ വരുമാനക്കാരായ സ്കൂളിലെ ബഹുഭൂരിപക്ഷം വരുന്ന മലയാളികളായ സാധാരണ രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനം പിന്‍വലിക്കാന്‍ സ്കൂള്‍ അധികാരികള്‍ തയാറാകണം. നിലവിലുള്ള ഭരണസമിതിയിലെ പ്രമുഖരായ നേതാക്കള്‍ പൊതുവേദികളില്‍ സ്കൂളിലെ സാമ്പത്തികസ്ഥിതി ഭദ്രമെന്നും അത് തങ്ങളുടെ ഭരണനേട്ടമായി പ്രസ്താവനകള്‍ നടത്തുകയും തങ്ങളുടെ ഭരണകാലത്ത് വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധിപ്പിക്കാതെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പരിഷ്കരിക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ കണ്െടത്തും എന്നൊക്കെ അവകാശപ്പെട്ടവര്‍ പദവികള്‍ ഒഴിയുന്ന സമയത്ത് ഹയര്‍ ബോര്‍ഡിന്റെ തീരുമാനമെന്ന പേരില്‍ ഫീസ് വര്‍ധനയുടെ സര്‍ക്കുലറുമായി രംഗത്തുവരുന്നതു പ്രതിഷേധാര്‍ഹാമാണ്.

മില്യണ്‍ കണക്കിനു റിയാല്‍ സ്കൂള്‍ പ്രവര്‍ത്തനചെലവുകള്‍ കഴിഞ്ഞ് മിച്ചം സമ്പാദിച്ചു എന്നു കണക്കുകള്‍ നിരത്തി അവകാശപ്പെട്ടവര്‍ക്കു ജീവനക്കാരുടെ ശമ്പള വര്‍ധന നടപ്പാക്കാന്‍ ഫീസ് വര്‍ധിപ്പിക്കേണ്ട ആവശ്യമില്ലെന്നതു വസ്തുതയാണെന്നും ആനുകൂല്യങ്ങള്‍ അടിസ്ഥാനപരമായി വര്‍ധിപ്പിച്ചാല്‍ പോലും മിച്ചം ബാക്കി വരുമെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു ശമ്പള വര്‍ധന ഉടന്‍ നടപ്പാക്കി ജീവനക്കാരെ സംതൃപ്തിപ്പെടുത്താന്‍ തയാറാകണം. അംബാസഡര്‍ നാമനിര്‍ദേശം ചെയ്തവരും സ്കൂളിനുവേണ്ടി നിരവധി സേവനങ്ങള്‍ അര്‍പ്പിച്ച മലയാളി സമൂഹത്തിന്റെ ഭാഗമായവരുമായ പ്രമുഖര്‍ ഉള്‍പ്പെടുന്ന ഹയര്‍ ബോര്‍ഡ് രക്ഷിതാക്കളെ നേരിട്ടു ബാധിക്കുന്ന തീരുമാനങ്ങള്‍ എടുത്തു എന്നതു സംശയാസ്പദമാണ്. പുതിയ ഭരണസമിതിയുടെ അഭിപ്രായം തേടാതെയുള്ള ഏകപക്ഷീയമായ ഇത്തരം നീക്കങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിക്കാന്‍ മലയാളിസമൂഹത്തിന്റെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ശക്തമായി രംഗത്തു വരുമെന്നും ഇതിനായി രക്ഷിതാക്കള്‍ ഉള്‍പ്പെടുന്ന മത-സാമൂഹ്യ രംഗത്തെ മുഖ്യധാരാ പ്രസ്ഥാനങ്ങളുമായി സഹകരിച്ചു സര്‍വകക്ഷിയോഗം ഉടന്‍തന്നെ ചേരുമെന്നും ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സ്കൂളിന്റെ അക്കാദമിക് നിലവാരം ഉയര്‍ത്താനും വിദ്യാര്‍ഥികളുടെ കാര്യശേഷി വര്‍ധിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ മലയാളിസമൂഹത്തിന്റെ ഐക്യം കാത്തു സൂക്ഷിക്കാന്‍ കെഎംസിസി സജീവമായി രംഗത്തുവരുമെന്നും നേതാക്കള്‍ അറിയിച്ചു.

പ്രസിഡന്റ് ഖാദര്‍ ചെങ്കള അധ്യക്ഷത വഹിച്ച യോഗത്തില്‍ നാഷണല്‍ കമ്മിറ്റി ട്രഷറര്‍ സി. ഹാഷിം കണ്ണൂര്‍, ഇബ്രാഹിം മുഹമ്മദ്, കുഞ്ഞിമുഹമ്മദ് കടവനാട്, അമീര്‍ അലി കൊയിലാണ്ടി, റഹ്മാന്‍ കാരയാട്, റഷീദ് മങ്കട,ഖാലിദ് തെങ്കര,അസീസ് ഇരിവേറ്റി, അനസ് പട്ടാമ്പി, സിറാജ് ആലുവ, സിദ്ദിഖ് പാണ്ടികശാല എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും നാസര്‍ അണ്േടാണ കൃതജ്ഞതയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം