'ജോയ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക്' ഉടന്‍ സംപ്രേഷണം ആരംഭിക്കുന്നു
Saturday, May 2, 2015 5:37 AM IST
അറ്റ്ലാന്റ: പ്രവാസി സമൂഹത്തിനു സന്തോഷ നിമിഷങ്ങളുടെയും, പുതു പുത്തന്‍ കാഴ്ചകളുടെയും വസന്തം സമ്മാനിച്ചുകൊണ്ട് അമേരിക്കയിലെ അറ്റ്ലാന്റയില്‍നിന്നു 'ജോയ് ടെലിവിഷന്‍ നെറ്റ് വര്‍ക്ക്' ഉടന്‍ സംപ്രേഷണം ആരംഭിക്കും. പത്തു ടെലിവിഷന്‍ ചാനലുകളും എട്ടു റേഡിയോ ചാനലുകളും ഉള്‍പ്പെടെ 18 ചാനലുകലുമായാണ് 'ജോയ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക്' പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ എത്തുന്നത്. കുന്നംകുളം സ്വദേശിയും പുലിക്കോട്ടില്‍ കുടുംബാംഗവും മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് അംഗവുമായ പി.ഐ. ജോയ് ആണ് 'ജോയ് ടെലിവിഷന്‍ നെറ്റ് വര്‍ക്ക്' ഗ്രൂപ്പിന്റെ ചെയര്‍മാന്‍.

ഇന്നു മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന സാധാരണ ആന്റിന ഉപയോഗിച്ച് ജോര്‍ജിയ മുഴുവന്‍ പത്തു ടെലിവിഷന്‍ ചാനലുകളിലൂടെയും, എട്ടു റേഡിയോ ചാനലുകളിലൂടെയും വിവിധ ഭാഷകളില്‍ സംഗീതത്തിന്റെയും, വാര്‍ത്തകളുടെയും പുതിയ വസന്തമൊരുക്കാന്‍ വ്യത്യസ്ത മേഖലകളില്‍ കഴിവുകള്‍ തെളിയിക്കുന്ന അദ്ഭുത പ്രതിഭകള്‍ക്ക് അവസരങ്ങള്‍ കാത്തിരിക്കുന്നു.

അമേരിക്കന്‍ മണ്ണില്‍നിന്നുതന്നെ സംപ്രേഷണം ഒരുക്കാനായി വേള്‍ഡ് ക്ളാസ് നിലവാരത്തിലുള്ള അത്യാധുനിക സ്റുഡിയോകളുടെ പിന്‍ബലത്തോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന 'ജോയ് ടെലിവിഷന്‍ നെറ്റ് വര്‍ക്ക്' നിങ്ങളുടെ ടെലിവിഷന്‍ സ്ക്രീനില്‍ ഗുണമേന്മയുള്ള വിക്ഞാനവിനോദ പരിപാടികളുമായിട്ടാണ് എത്തുന്നത്. ഹൈഡഫനിഷന്‍ പ്ളാറ്റ്ഫാമില്‍ പൂര്‍ണരീതിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ചാനലുകള്‍ ക്വാളിറ്റിയുടെ കാര്യത്തില്‍ എന്നും മുന്നിലായിരിക്കും.

ഇംഗ്ളീഷ്, സ്പാനിഷ്, കൊറിയന്‍, ഹിന്ദി, ഗുജറാത്തി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളില്‍ വിജ്ഞാനവിനോദ പരിപാടികളും , വാര്‍ത്താ വിശകലനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട് . വിവിധ തെന്നിന്ത്യന്‍ ഭാഷകളില്‍ മികച്ചതും വിനോദരസം പകരുന്നതുമായ ശക്തമായ ഉള്ളടക്കത്തോടെ ആണു ചാനലുകളുടെ രൂപകല്‍പ്പന.