'സിംഗ് ന്യൂയോര്‍ക്ക്' മ്യൂസിക് ഷോക്കെത്തിയ ജെറി അമല്‍ദേവിനു സ്വീകരണം നല്‍കി
Saturday, May 2, 2015 5:36 AM IST
ന്യുയോര്‍ക്ക്: റോക്ക്ലാന്‍ഡില്‍ 'സിംഗ് ന്യൂയോര്‍ക്ക്, വിത്ത് ജെറി അമല്‍ദേവ്' മ്യൂസിക് ഷോക്ക് എത്തിയ പ്രശസ്ത സംഗീതജ്ഞന്‍ ജെറി അമല്‍ദേവിനു ജെഎഫ്കെ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. 1975 മുതല്‍ 80 വരെ ക്വീന്‍സ് കോളജില്‍ സംഗീത പ്രഫസറായിരുന്ന ജെറി അമല്‍ദേവ് 35 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണു ന്യുയോര്‍ക്കിലെത്തുന്നത്. 15 വര്‍ഷം മുമ്പ് അദ്ദേഹം ഷിക്കാഗോയില്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ചടങ്ങില്‍ ക്വയര്‍ നയിക്കുകയുണ്ടായി. അതിനു ശേഷം ഇപ്പോഴാണു അമേരിക്കയിലെത്തുന്നത്.

അമേരിക്കയില്‍നിന്നു മടങ്ങിയ ശേഷമാണു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ഒട്ടേറെ സിനിമകളുടെ സംഗീത സംവിധായകനായി വ്യക്തിമുദ്ര പതിപ്പിച്ചത്.

മേയ് 29നു വൈകുന്നേരം ആറു മുതല്‍ പത്തു വരെയാണു ക്ളാര്‍ക്ക്സ് ടൌണ്‍ സൌത്ത് ഹൈസ്കൂളില്‍ മ്യൂസിക് ഷോ. അദ്ദേഹത്തോടൊപ്പം യുവ സംഗീതജ്ഞരും അമേരിക്കയിലെ പ്രതിഭകളും അരങ്ങിലെത്തും.

മേയ് മാസം മുഴുവന്‍ റോക്ക്ലാന്‍ഡിലുള്ള ജെറി അമല്‍ദേവ് കുട്ടികള്‍ക്കു സംഗീത പരിശീലനവും നല്‍കും. റോക്ക് ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചിലെ ക്വയര്‍ ചിട്ടപ്പെടുത്താനും അദ്ദേഹം നേതൃത്വം നല്‍കും.

സംഗീത പരിപാടി സംഘടിപ്പിക്കുന്ന സീറോ മലബാര്‍ ചര്‍ച്ചിന്റെ വികാരി ഫാ. തദ്ദേവുസ് അരവിന്ദത്ത്, ട്രസ്റി ജോര്‍ജ് എടാട്ടേല്‍, പ്രോഗ്രാം ചെയര്‍ ജേക്കബ് ചൂരവടി, ജയിന്‍ ജേക്കബ്, ജേക്കബ് റോയ്, ബിജു ഐക്കര, സിനു ഐക്കര തുടങ്ങിയവര്‍ സ്വീകരണത്തിനെത്തി. ഇതിനായി കുറഞ്ഞ നിരക്കുകളാണു ടിക്കറ്റിനു ചാര്‍ജ് ചെയ്യുന്നത്. 50, 40, 20 ഡോളര്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക്: ജേക്കബ് ചൂരവടി: 914 8829361.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം