സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാള്‍ ആചരിച്ചു
Saturday, May 2, 2015 5:35 AM IST
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാദേവാലയത്തിലെ വിശുദ്ധ ഗീവര്‍ഗീസ് പുണ്യവാളന്റെ തിരുനാള്‍ ഏപ്രില്‍ 26നു ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി.

ഇടവകയിലെ വിശുദ്ധന്റെ നാമധേയം സ്വീകരിച്ചിട്ടുള്ളവരും വിശുദ്ധന്റെ വിശ്വസ്ത ഭക്തരും ഒത്തുചേര്‍ന്നാണു വിശുദ്ധന്റെ മാധ്യസ്ഥ തിരുനാള്‍ ആഘോഷിച്ചതെന്നു തിരുനാളിന്റെ മുഖ്യ സംഘാടകനായ ജോര്‍ജ് വര്‍ക്കി അറിയിച്ചു.

രാവിലെ 11.15ന് ആരംഭിച്ച ആഘോഷമായ ദിവ്യബലിക്കു ബഹുമാനപ്പെട്ട ഫാ. സോണി സെബാസ്റ്യന്‍ മുഖ്യകാര്‍മികനായിരുന്നു. ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍ സഹകാര്‍മികത്വം വഹിച്ചു. ദിവ്യബലി മധ്യേ ഫാ. സോണി സെബാസ്റ്യന്‍ വിശുദ്ധന്റെ തിരുനാള്‍ സന്ദേശം നല്‍കി. ഇടവകയിലെ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ തിരുനാള്‍ ചടങ്ങുകള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി. ദിവ്യബലിക്കു ശേഷം ലദീഞ്ഞ്, തിരുസ്വരൂപ വണക്കം, നേര്‍ച്ച കാഴ്ച സമര്‍പ്പണം എന്നിവ നടന്നു.

വിശുദ്ധന്റെ തിരുനാള്‍ ആഘോഷങ്ങള്‍ ഭക്തിയാദരപൂര്‍വം നടത്താന്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ കുടുംബാംഗങ്ങള്‍ക്കും ടോം പെരുംപായില്‍ നന്ദി പറഞ്ഞു. നേര്‍ച്ച സദ്യയോടെ തിരുനാള്‍ ആഘോഷം സമാപിച്ചു. വെബ്സൈറ്റ്: ംംം.വീാെേേമ്യൃീിെഷ.ീൃഴ സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം