ഡോ. ഷംഷീര്‍ വയലിലിനെ ജെഎഫ്എ ആദരിക്കുന്നു
Thursday, April 30, 2015 8:55 AM IST
ന്യൂയോര്‍ക്ക്: പ്രവാസി വോട്ടവകാശത്തിനുവേണ്ടി നിയമയുദ്ധം നടത്തി സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച, ആഗോള മലയാളികള്‍ക്ക് അഭിമാനമായ ഡോ. ഷംഷീര്‍ പി. വയലിലിന് ജസ്റിസ് ഫോര്‍ ഓള്‍ (ജെഎഫ്എ) ന്യൂയോര്‍ക്കില്‍ ആദരിക്കുന്നു.

മേയ് മൂന്നിന് (ഞായര്‍) വൈകുന്നേരം ഏഴിന് യോങ്കേഴ്സിലുള്ള ഇന്തോ-അമേരിക്കന്‍ യോഗ ഇന്‍സ്റിറ്റ്യൂട്ടില്‍ (54 യോങ്കേഴ്സ് ടെറസ്, യോങ്കേഴ്സ്, ന്യൂയോര്‍ക്ക് 10704) വച്ചാണ് ഡോ. ഷംഷീറിനു സ്വീകരണം നല്‍കുന്നത്.

ഡോ. ഷംഷീറിന്റെ പ്രവര്‍ത്തന മേഖലകളിലെ നൈപുണ്യം കണക്കിലെടുത്ത് ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ക്ഷണിതാവായിട്ടാണ് അദ്ദേഹം ന്യൂയോര്‍ക്കിലെത്തുന്നത്.

ചടങ്ങില്‍ ജെഎഫ്എ ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍ അധ്യക്ഷത വഹിക്കും. പ്രവാസി വോട്ടവകാശത്തെക്കുറിച്ചും നേരിട്ട നിയമയുദ്ധത്തെക്കുറിച്ചും ഡാ. ഷംഷീര്‍ ചര്‍ച്ച നടത്തും. സുപ്രീം കോടതി അഭിഭാഷകനും വോട്ടവകാശത്തിനുവേണ്ടി സുപ്രീം കോടതിയില്‍ നിയമയുദ്ധം നടത്തിയ ഹാരിസ് ബീരാന്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രവാസികളുടെ മൌലികാവകാശങ്ങളെക്കുറിച്ചും പ്രവാസികള്‍ ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്ന് നേരിടുന്ന നിരവധി പ്രശ്നങ്ങളെക്കുറിച്ചും വിശദീകരിക്കും.

പ്രഫ. ജോയ് ടി. കുഞ്ഞാപ്പു പ്രധാന പ്രാസംഗികനായിരിക്കും. ജോര്‍ജ് ഏബ്രഹാം (ചെയര്‍മാന്‍, ഐഎന്‍ഒസി), ഇട്ടന്‍ ജോര്‍ജ് പാടിയേടത്ത് (പ്രസിഡന്റ്, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്സ്/ജെഎഫ്എ ബോര്‍ഡ് മെംബര്‍), എം.കെ. മാത്യൂസ് (വൈസ് ചെയര്‍മാന്‍, ജെഎഫ്എ), ഗോപിനാഥ് കുറുപ്പ് (ബോര്‍ഡ് ഓഫ് ഡയറക്റ്റര്‍ ജെഎഫ്എ/പ്രസിഡന്റ്, അയ്യപ്പ സേവാ സംഘം) എന്നിവരും പങ്കെടുക്കും. വിവിധ സാമൂഹ്യസാംസ്കാരിക, മത സംഘടനാ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപിഎസ് ഹെല്‍ത്ത് കെയര്‍ സ്ഥാപകനും പ്രമുഖ വ്യവസായിയുമാണ് ഡോ. ഷംഷീര്‍. യുഎഇ, ഒമാന്‍, ഇന്ത്യ, നോര്‍ത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഹെല്‍ത്ത് കെയര്‍ സിസ്റം സ്ഥാപിച്ച് ആരോഗ്യമേഖലകളില്‍ നിരവധി പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി ജനോപകാരപ്രദമായ ഒട്ടനവധി സത്കര്‍മ്മങ്ങളും അദ്ദേഹം നടത്തിവരുന്നു. ബ്രസ്റ് കാന്‍സറിനെക്കുറിച്ച് അദ്ദേഹം നടത്തിയിട്ടുള്ള പഠനത്തിലും ഗവേഷണത്തിലും ഗിന്നസ് ബുക്ക്സ് ഓഫ് റെക്കോര്‍ഡ്സില്‍ അദ്ദേഹത്തിന്റെ പേര് ആലേഖനം ചെയ്തിട്ടുണ്ട്. ആരോഗ്യ മനുഷ്യാവകാശ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി നിരവധി പുരസ്ക്കാരങ്ങള്‍ യുഎഇ ഭരണാധികാരികളില്‍ നിന്നും ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പ്രമുഖ വ്യവസായി എം.എ. യൂസഫ് അലിയുടെ മരുമകനാണ് ഡോ. ഷംഷീര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് കൂവള്ളൂര്‍ 914 409 5772.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ