ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ ഇടവക ദിനാഘോഷവും ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളും
Thursday, April 30, 2015 8:52 AM IST
ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍പ്പെട്ട സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഇടവകയുടെ ഇരുപത്തൊന്നാം ദിനാഘോഷങ്ങളും ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളും മേയ് 8,9,10 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുന്നു. ഭദ്രാസനാധിപന്‍ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും.

എട്ടിന് (വെള്ളി) വൈകുന്നേരം ഏഴിന് സന്ധ്യാപ്രാര്‍ഥന, വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലും പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലും മധ്യസ്ഥ പ്രാര്‍ഥനയും തുടര്‍ന്നു മാര്‍ യൌസേബിയോസ് നയിക്കുന്ന ധ്യാനവും ഉണ്ടായിരിക്കും.

ഒമ്പതിന് (ശനി) വൈകുന്നേരം ഏഴിന് സന്ധ്യാപ്രാര്‍ഥനയും വിവിധ ആത്മീയ സംഘനടയുടെ യോഗവും നടക്കും.

10ന് (ഞായര്‍) രാവിലെ ഒമ്പതിന് പ്രഭാത നമസ്കാരം, 9.45-ന് വിശുദ്ധ കുര്‍ബാന, വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍ എന്നിവ നടക്കും. തുടര്‍ന്നു നടക്കുന്ന ഇടവക ദിനാഘോഷങ്ങളില്‍ മാര്‍ യൌസേബിയോസ് മുഖ്യാതിഥിയായിരിക്കും.

1994-ല്‍ ഇടവക ആരംഭിക്കുകയും അതിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുകയും പിന്നീട് ഇടവകയെ ഒരു കത്തീഡ്രല്‍ ആയി ഉയര്‍ത്തുകയും ചെയ്ത കാലം ചെയ്ത അമേരിക്കന്‍ ഭദ്രാസനത്തിന്റെ സീനിയര്‍ മെത്രാപ്പോലീത്തയുമായിരുന്ന ഡോ. തോമസ് മാര്‍ മക്കാറിയോസ് തിരുമേനിയെ യോഗത്തില്‍ പ്രത്യേകം അനുസ്മരിക്കുകയും പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്യും.

ആഘോഷങ്ങളുടെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുവരുന്നതായി വികാരി ഫാ. ദാനിയേല്‍ ജോര്‍ജ് അറിയിച്ചു. മാര്‍ മക്കാറിയോസ് മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന വിഭവസമൃദ്ധമായ പെരുന്നാള്‍ സദ്യയോടുകൂടി പരിപാടികള്‍ സമാപിക്കും.

ആഘോഷങ്ങളുടെ നടത്തിപ്പിനായി മാത്യു ഫിലിപ്പ്, ഏലിയാമ്മ പുന്നൂസ്, ഫിലിപ്പ് കുന്നേല്‍, ഷിബു മാത്യൂസ്, റേച്ചല്‍ ജോസഫ്, അലീന, ജിനു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം