അടുത്തമാസം അവസാനത്തോടെ കുവൈറ്റില്‍ വീസ നിരക്കുകള്‍ കൂടുന്നു
Wednesday, April 29, 2015 4:59 AM IST
കുവൈറ്റ്: അടുത്തമാസം അവസാനത്തോടെ കുവൈറ്റില്‍ വീസ നിരക്ക് കൂടിയേക്കും. വിദേശികളുടെ വിവിധ വീസകള്‍ക്കുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള പുതിയ നിരക്കിന്റെ പട്ടിക തയാറായതായി പാസ്പോര്‍ട്ട്, പൌരത്വകാര്യ അസിസ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് മാസിന്‍ അല്‍ജര്‍റാഹ് വ്യക്തമാക്കി. മന്ത്രി സഭ അംഗീകരിച്ചാല്‍ ഉടന്‍ പുതിയ നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു. കാലോചിതമായി ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും രാജ്യത്തിന്റെ സല്‍പ്പേരിനു കളങ്കം വരുത്തുന്ന നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യക്കച്ചവടമുള്‍പ്പെടെ നിയമലംഘനം നടത്തിയ 17ഓളം ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട് സ്ഥാപനങ്ങള്‍ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അടച്ചുപൂട്ടിയതായും അദ്ദേഹം വ്യക്തമാക്കി. വിസ പുതുക്കുമ്പോള്‍ നിരക്കിന്റെ 20 ശതമാനം വര്‍ധിപ്പിക്കും.സൌജന്യമായി ഒരു വിസയും അനുവദിക്കില്ല.ബിസിനസ് വിസിറ്റിംഗ് വീസ, ടൂറിസ്റ് വീസ, താത്കാലിക വീസ, സര്‍ക്കാര്‍ മേഖലയിലെ വീസ, സ്വകാര്യ മേഖലയിലുള്ള വീസ, സ്വന്തം സ്പോണ്‍സര്‍ഷിപ്പിലുള്ള വീസ, ഫാമിലി വിസ തുടങ്ങി രാജ്യത്തേക്കുള്ള എല്ലാ വീസാ നിരക്കുകളിലും വര്‍ധന വരുത്തിയിട്ടുണ്ട്. ഫീസ് വര്‍ധന ആദ്യഘട്ടത്തില്‍ മാത്രമായിരിക്കും. എന്നാല്‍ വീസാ നിരക്കുകളിലുള്ള വര്‍ധന സ്വദേശികളെ ഒരു നിലയ്ക്കും ബാധിക്കില്ല.

സൌജന്യമായിരുന്ന ഒരുമാസത്തെ വിസിറ്റിംഗ് വിസയ്ക്ക് 30 ദീനാറായി വര്‍ധിപ്പിച്ചു. മൂന്നു മാസത്തെ ടൂറിസ്റ് വീസയ്ക്ക് 90 ദിനാര്‍ നല്‍കണം. നിലവില്‍ 10 ദീനാറുള്ള സര്‍ക്കാര്‍ മേഖലയിലുള്ള വീസയ്ക്ക് 20 ദീനാറാണ്. 24-ാം നമ്പറിലുള്ള സ്വന്തം സ്പോണ്‍സര്‍ഷിപ്പിലുള്ള വിസക്ക് 100 ഉള്ളത് 250 ദീനാറായി വര്‍ധിപ്പിച്ചു. ഫാമിലി വീസയ്ക്ക് 200 ദീനാറില്‍നിന്നു 400 ദീനാറാക്കി ഉയര്‍ത്തി. പുതിയ നിരക്ക് അംഗീകാരത്തിനുവേണ്ടി ഉടന്‍ മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കും. നിയമലംഘകര്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് 400 മുതല്‍ 500 ദീനാര്‍ വരെ പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനം നടത്തിയ തൊഴിലാളികള്‍ക്ക് അഭയം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടിയെടുക്കും. തൊഴിലെടുക്കാന്‍ താല്‍പര്യമില്ലാത്ത ഗാര്‍ഹിക തൊഴിലാളികളെ ഉടന്‍ നാടുകടത്തുന്നതാണ്. നിയമലംഘനം നടത്തുന്ന തൊഴിലാളികളെ നാടുകടത്താത്ത റിക്രൂട്ട് സ്ഥാപനങ്ങളുടെ ബാങ്ക് ഗാരണ്ടിയില്‍നിന്നു പിഴ ഈടാക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍