കുവൈറ്റിലെ ഏറ്റവും വലിയ വിദേശ സമൂഹമായി ഇന്ത്യക്കാര്‍
Wednesday, April 29, 2015 4:57 AM IST
കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യക്കാരുടെ എണ്ണം എട്ടു ലക്ഷത്തിലധികമായതായി എംബസി റിപ്പോര്‍ട്ട് . വിദേശികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം ഈജിപ്തിനാണ്. വര്‍ഷം തോറും അഞ്ചു മുതല്‍ ആറു ശതമാനം വരെ വളരുന്നതാണ് ഇന്ത്യന്‍ ജനതയുടെ വലുപ്പം. ഇന്ത്യന്‍ എംബസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഈ കാര്യം പറയുന്നത്. ഇതില്‍ 25000ഓളം പേര്‍ വീസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു അനധികൃതമായി താമസിക്കുന്നവരാണ്. കുവൈറ്റിലെ ഇന്ത്യക്കാരില്‍ 6 ലക്ഷം പുരുഷന്മാരും രണ്ടുലക്ഷം സ്ത്രീകളുമാണ്. എട്ടു ലക്ഷം ഇന്ത്യക്കാരില്‍ 2.8 ലക്ഷംപേര്‍ ഗാര്‍ഹിക തൊഴിലാളികളും ഇതില്‍ തന്നെ 1.9 ലക്ഷം പുരുഷ തൊഴിലാളികളും 90000 പേര്‍ സ്ത്രീകളുമാണ്. 2014 സെപ്റ്റംബര്‍ മുതല്‍ ഇന്ത്യയില്‍നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 2500 ഡോളര്‍ ബാങ്ക് ഗാരന്റി വേണമെന്ന നിയമം കൊണ്ടുവന്നതുവഴി ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായില്ല.

സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം വരുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ (പ്രഫഷനല്‍സ്, ഐ.ടി വിദഗ്ദര്‍, ടെക്നീഷ്യന്‍സ് തുടങ്ങിയവര്‍) അവരുടെ ആശ്രിത വീസയില്‍ കഴിയുന്നവര്‍ (ഭാര്യ/ഭര്‍ത്താവ്, മക്കള്‍) 1.00000 പേരുണ്െടന്നാണു കണക്ക്. ഇതു പ്രകാരം കുവൈറ്റിലെ 20 ഇന്ത്യന്‍ സ്കൂളുകളിലായി ഏകദേശം 42000 ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നു. തുടര്‍ വിദ്യാഭ്യാസത്തിനു (യുനിവേഴ്സിറ്റി തലത്തില്‍) ഉള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടുതന്നെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 8 ശതമാനത്തോളം വര്‍ധനയാണ് ഉണ്ടായിരിക്കുനത്. 24000 ഇന്ത്യക്കാര്‍ കുവൈറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു. ഇവരില്‍ കൂടുതലും നഴ്സുമാര്‍, എഞ്ചിനീയര്‍, ശാസ്ത്രജ്ഞര്‍ എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്. കുവൈറ്റ് അധികൃതരുടെ കണക്കു പ്രകാരം രാജ്യത്ത് ഇന്ത്യക്കാരുടെ എണ്ണം ഭാവിയില്‍ 10 ലക്ഷം വരെ എത്തുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍