പ്രവാസി വോട്ടവകാശത്തിനുവേണ്ടി നിയമയുദ്ധം നടത്തി വിജയം വരിച്ച ഡോ. ഷംഷീര്‍ വയലിലിനെ ആദരിക്കുന്നു
Wednesday, April 29, 2015 4:54 AM IST
ന്യൂയോര്‍ക്ക്: പ്രവാസി വോട്ടവകാശത്തിനുവേണ്ടി നിയമയുദ്ധം നടത്തി സുപ്രീം കോടതിയില്‍നിന്നു അനുകൂല വിധി സമ്പാദിച്ച ഡോ. ഷംഷീര്‍ പി. വയലിലിനു ജസ്റീസ് ഫോര്‍ ഓള്‍ (ജെഎഫ്എ) ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി ആദരിക്കുന്നു.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി.പി.എസ്. ഹെല്‍ത്ത് കെയര്‍ സ്ഥാപകനും പ്രമുഖ വ്യവസായിയുമാണു ഡോ. ഷംഷീര്‍ യുഎഇ, ഒമാന്‍, ഇന്ത്യ, നോര്‍ത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഹെല്‍ത്ത്കെയര്‍ സിസ്റം സ്ഥാപിച്ച് ആരോഗ്യമേഖലകളില്‍ നിരവധി പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി ജനോപകാരപ്രദമായ ഒട്ടനവധി സത്ക്കര്‍മങ്ങളും അദ്ദേഹം നടത്തിവരുന്നു. ബ്രസ്റ് കാന്‍സറിനെക്കുറിച്ച് അദ്ദേഹം നടത്തിയിട്ടുള്ള പഠനത്തിലും ഗവേഷണത്തിലും ഗിന്നസ് ബുക്ക്സ് ഓഫ് റെക്കോര്‍ഡ്സില്‍ അദ്ദേഹത്തിന്റെ പേര് ആലേഖനം ചെയ്തിട്ടുണ്ട്. ആരോഗ്യമനുഷ്യാവകാശ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി നിരവധി പുരസ്ക്കാരങ്ങള്‍ യുഎഇ ഭരണാധികാരികളില്‍നിന്നും ഇന്ത്യന്‍ പ്രസിഡന്റില്‍നിന്നും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പ്രമുഖ ഇന്ത്യന്‍ വ്യവസായി എം.എ. യൂസഫ് അലിയുടെ മരുമകനാണു ഡോ. ഷംഷീര്‍.

ഡോ. ഷംഷീറിന്റെ പ്രവര്‍ത്തനമേഖലകളിലെ നൈപുണ്യം കണക്കിലെടുത്ത് ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ക്ഷണിതാവായിട്ടാണ് അദ്ദേഹം ന്യൂയോര്‍ക്കിലെത്തുന്നത്. മേയ് 4-ാം തീയതി ഞായറാഴ്ച വൈകീട്ട് ഏഴിനു യോങ്കേഴ്സിലുള്ള ഇന്‍ഡോ-അമേരിക്കന്‍ യോഗ ഇന്‍സ്റിറ്റ്യൂട്ടില്‍ (54 യോങ്കേഴ്സ് ടെറസ്, യോങ്കേഴ്സ്, ന്യൂയോര്‍ക്ക് 10704) വച്ചാണ് ഡോ. ഷംഷീറിനു സ്വീകരണം നല്‍കുന്നത്.

ചടങ്ങില്‍ ജെഎഫ്എ ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍ അദ്ധ്യക്ഷത വഹിക്കും. പ്രഫ. ജോയ് ടി. കുഞ്ഞാപ്പു പ്രധാന പ്രാസംഗികനായിരിക്കും. കൂടാതെ, ജോര്‍ജ് ഏബ്രഹാം (ചെയര്‍മാന്‍, ഐഎന്‍ഒസി), ഇട്ടന്‍ ജോര്‍ജ് പാടിയേടത്ത് (പ്രസിഡന്റ്, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്സ്/ജെഎഫ്എ ബോര്‍ഡ് മെംബര്‍), എം.കെ. മാത്യൂസ് (വൈസ് ചെയര്‍മാന്‍, ജെഎഫ്എ), ഗോപിനാഥ് കുറുപ്പ് (ബോര്‍ഡ് ഓഫ് ഡയറക്റ്റര്‍ ജെഎഫ്എ/പ്രസിഡന്റ്, അയ്യപ്പ സേവാ സംഘം) എന്നിവരും പങ്കെടുക്കും. വിവിധ സാമൂഹ്യ-സാംസ്ക്കാരിക-മത സംഘടനാ നേതാക്കളും സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവരും ബന്ധപ്പെടുക: തോമസ് കൂവള്ളൂര്‍ 914 409 5772. ഡോ. ഷംഷീര്‍ വയലിലിനെക്കുറിച്ചു കൂടുതല്‍ അറിയുവാന്‍ സന്ദര്‍ശിക്കുക: വു://ംംം.റൃവെമാവെലലൃ.രീാ

റിപ്പോര്‍ട്ട്: യു.എ. നസീര്‍