രക്ഷാ പ്രവര്‍ത്തനത്തിനിടെ നഴ്സ് ഹെലികോപ്റ്ററില്‍നിന്നു വീണു മരിച്ചു
Wednesday, April 29, 2015 4:52 AM IST
ഓസ്റ്റിന്‍ (ടെക്സസ്): ബാര്‍ട്ടന്‍ ക്രീക്ക് ഗ്രീന്‍ ബെല്‍റ്റില്‍നിന്ന് ഒരു സ്ത്രീയെ രക്ഷപ്പെടുത്തുന്നതിനിടെ മെഡിക്കല്‍ ഹെലികോപ്റ്ററില്‍നിന്നു താഴേക്കു വീണു ടെക്സാസില്‍നിന്നുളള നഴ്സ് ക്രിസ്റീന്‍ മെക്ക് ലയ്ന്‍ (46) മരിച്ചു.

ഏഴു വര്‍ഷമായി സ്റ്റാര്‍ ഫ്ളൈറ്റില്‍ നഴ്സായി ജോലി ചെയ്യുന്ന ക്രിസ്റീന്‍ രക്ഷാ പ്രവര്‍ത്തക സംഘത്തോടൊപ്പം ഏപ്രില്‍ 27-നു തിങ്കളാഴ്ച രാത്രിയാണ് ഓസ്റ്റിനിലെത്തിയത്. ബാര്‍ട്ടന്‍ ക്രീക്കില്‍ അബദ്ധത്തില്‍ വീണ സ്ത്രീയെ രക്ഷിച്ചു മുകളിലേക്ക് ഉയര്‍ത്തുന്നതിനിടെയാണു ഹെലികോപ്റ്ററില്‍ നിന്നു താഴേക്കു പതിച്ചത്. ക്രിസ്റ്റിന്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചതായി സ്റ്റാര്‍ ഫ്ളൈയ്റ്റ് അധികൃതര്‍ പറഞ്ഞു. മരണം എങ്ങനെ സംഭവിച്ചു എന്ന വിശദീകരിക്കുവാന്‍ കമ്പനി വക്താവ് ലിസ ബ്ളേക്ക് വിസമ്മതിച്ചു. നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ക്രീക്കില്‍ വീണ സ്ത്രീയെ പരുക്കുകളോടെ ഓസ്റ്റിന്‍ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

കൊളറാഡോയില്‍നിന്നു ടെക്സാസിലേക്കു താമസം മാറ്റിയ അവിവാഹിതയായ നഴ്സിന്റെ മരണത്തെ കുറിച്ച് അന്വേഷണം പൂര്‍ത്തീകരിക്കുന്നതുവരെ സ്റ്റാര്‍ ഫ്ളൈറ്റ് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നു കമ്പനി അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍