കാന്‍ജ് കളേഴ്സ് ഓഫ് ഇന്ത്യ മേയ് 30ന്; ശോഭന ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു
Tuesday, April 28, 2015 6:51 AM IST
ന്യൂജേഴ്സി: കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ (കാന്‍ജ്) ആഭിമുഖ്യത്തില്‍ കളേഴ്സ് ഓഫ് ഇന്ത്യ എന്ന നൃത്ത സംഗീത സന്ധ്യയുടെ ടിക്കറ്റ് വില്‍പ്പനയുടെ ഔപചാരിക ഉദ്ഘാടനം സിനിമാതാരം ശോഭന നിര്‍വഹിച്ചു.

ചടങ്ങില്‍ കാന്‍ജ് പ്രസിഡന്റ് ജെ. പണിക്കര്‍, കാന്‍ജ് മുന്‍ പ്രസിഡന്റ് ജിബി തോമസ്, ട്രസ്റി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഷീല ശ്രീകുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ മാലിനി നായര്‍, കോകണ്‍വീനര്‍ സ്വപ്ന രാജേഷ്, കോകണ്‍വീനര്‍ നീന സുധീര്‍, ട്രസ്റി ബോര്‍ഡ് മെംബര്‍ രുഗ്മിണി പദ്മകുമാര്‍, സണ്ണി വാലിപ്ളാക്കല്‍, രാധ പണിക്കര്‍, ജോയിന്റ് സെക്രട്ടറി ജോസഫ് ഇടിക്കുള തുടങ്ങിയവര്‍ പങ്കെടുത്തു.

മേയ് 30നു(ശനി) വൈകുന്നേരം 4.30നു വുഡ്ബ്രിഡ്ജ് ഹൈസ്കൂളില്‍ നടക്കുന്ന കളേഴ്സ് ഓഫ് ഇന്ത്യ എന്ന നൃത്ത സംഗീതസന്ധ്യ, ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ നൃത്തരൂപങ്ങള്‍ ഒരു വേദിയില്‍ അവതരിപ്പിക്കാന്‍ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി വേദി ഒരുക്കുമ്പോള്‍ വൈവിധ്യംകൊണ്ടു പ്രോഗ്രാം ജനശ്രദ്ധ നേടുന്നു.

വിവിധ നൃത്തരൂപങ്ങള്‍ പ്രമുഖ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുമ്പോള്‍ പ്രമുഖ ഗായകരും പരിപാടിക്കു മാറ്റുകൂട്ടാന്‍ ഒത്തു ചേരുന്നു.

എല്ലാ കലാസ്നേഹികളെയും ഈ പരിപാടിയിലേക്കു സ്വാഗതം ചെയ്യുന്നതായി കണ്‍വീനര്‍ മാലിനി നായര്‍, കോ-കണ്‍വീനര്‍മാരായ സ്വപ്ന രാജേഷ്, നീന സുധീര്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

പ്രമുഖ റിയല്‍ എസ്റേറ്റ് ഗ്രൂപ്പ് ആയ പബ്ളിക് ട്രസ്റ് ആണു പരിപാടിയുടെ പ്രധാന സ്പോണ്‍സര്‍. പ്രവേശനം പാസു മൂലം നിയന്ത്രിക്കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജെ. പണിക്കര്‍ 7324854710, മാലിനി നായര്‍ 7325018647.

റിപ്പോര്‍ട്ട്: ഇടിക്കുള ജോസഫ്