ഫ്ളോറിഡ സംസ്ഥാന എന്‍ജിനിയറിംഗ് ബോര്‍ഡില്‍ മലയാളി തിളക്കം
Tuesday, April 28, 2015 5:16 AM IST
മയാമി: ഫ്ളോറിഡ സംസ്ഥാന എന്‍ജിനിയറിംഗ് തൊഴില്‍മേഖലയെ പ്രഫഷണല്‍ രീതിയില്‍ ക്രമീകരിച്ച് ചിട്ടപ്പെടുത്തി നിയന്ത്രിക്കുന്ന ഫ്ളോറിഡ ബോര്‍ഡ് ഓഫ് പ്രഫഷണല്‍ എന്‍ജിനിയറേഴ്സ് നിര്‍വ്വഹണ സമിതിയിലേക്കു ബാബു വര്‍ഗീസിനെ ഫ്ളോറിഡ ഗവര്‍ണര്‍ റിസ്ക്സ്കോട്ട് നിയമിച്ചു. ഈ നിയമന ഉത്തരവ് 2015 ഫെബ്രുവരി മുതല്‍ പ്രാബല്യത്തിലാണ്.

1917-ല്‍ ഫ്ളോറിഡ സംസ്ഥാന നിയമനിര്‍മാണ സമിതിയാണ് എന്‍ജിയറിംഗ് ബോര്‍ഡ് രൂപവത്കരിച്ചത്. സംസ്ഥാനത്തെ എന്‍ജിനിയറിംഗ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യക്തികളുടെ ജീവനും ആരോഗ്യത്തിനും സുരക്ഷിതത്വം നല്കുന്നതിനും, ഇന്ന് ഫ്ളോറി സംസ്ഥാനത്ത് രജിസ്റര്‍ ചെയ്യാനിരിക്കുന്ന മുപ്പത്തയ്യായിരം എന്‍ജിനിയറിംഗ് ലൈസെന്‍സികളുടെ അപേക്ഷകള്‍ പരിശോധിക്കുന്നതിനും പരീക്ഷകള്‍ നടത്തുന്നതിനും അര്‍ഹരായവര്‍ക്ക് ലൈസന്‍സുകള്‍ പുതുക്കി നല്കുന്നതിനും കുറ്റക്കാര്‍ക്കെതിരേ ശിക്ഷണ നടപടികള്‍ കൈക്കൊള്ളുന്നതിനും ഈ ബോര്‍ഡിനധികാരമുണ്ട്.

1984-ല്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റി സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍നിന്ന് എന്‍ജിനിയറിംഗ് ബിരുദം നേടി, സ്കോളര്‍ഷിപ്പോടുകൂടി അമേരിക്കയില്‍ ഉപരിപഠനെത്തിയ ബാബു വര്‍ഗീസ് എന്‍ജിനിയറിംഗില്‍ മാസ്റര്‍ ബിരുദം നേടി. ഇന്ന് ഫ്ളോറിഡായിലും, കേരളത്തിലുമായുള്ള ആപ്ടെക് എന്‍ജിനിയറിംഗ് ഇന്‍ കോര്‍പറേഷന്റെ പ്രസിഡന്റും പ്രിന്‍സിപ്പല്‍ എന്‍ജിനിയറുമാണ്.

അമേരിക്കയിലെ ഒരു ഡസനിലധികം സംസ്ഥാനങ്ങളില്‍ എന്‍ജിനിയറിംഗ് ലൈസന്‍സുള്ള ഇദ്ദേഹം ഡിസൈന്‍ ചെയ്തത് പൂര്‍ത്തീകരിച്ച വലിയ ഷോപ്പിംഗ് മാളുകള്‍, ഹൈറെയ്സ് ബില്‍ഡിംഗുകള്‍, ക്രൂസ് ടെര്‍മിനലുകള്‍, എയര്‍പോര്‍ട്ടുകള്‍, വേയ്സ്റ് റ്റു എനര്‍ജി ഫെസിലിറ്റികള്‍, ഹോട്ടലുകള്‍, ഡിപ്പാര്‍ട്ട്മെന്റ് മെയിന്‍ സ്റോറുകള്‍ തുടങ്ങിയവ അനേകമാണ്. കൂടാതെ ഫോറന്‍സിക് എന്‍ജിനിയറിംഗ് വിദഗ്ദ്ധനായി കോടതിയില്‍ എക്സ്പേര്‍ട്ട് വിറ്റ്നസായും പ്രവര്‍ത്തിക്കുന്നു.

ഫ്ളോറിഡയിലെ വിവിധ മതസ്ഥാപനങ്ങളുടെയും നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ സേവനം സൌജന്യമായി നല്‍കാറുണ്ട്.

അമേരിക്കയിലെ ഏറ്റം വലിയ ഗാന്ധിസ്ക്വയര്‍ സൌത്ത് ഫ്ളോറിഡായിലെ ഡേവി നഗരസഭ അനുവദിച്ചു നല്കിയ ഫാല്‍ക്കണ്‍ ലീയ പാര്‍ക്കില്‍ മനോഹരമായി ഡിസൈന്‍ ചെയ്ത് പൂര്‍ത്തീകരിച്ചതിനു ബാബു വര്‍ഗീസിനെ ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം അഭിനന്ദിച്ചിരുന്നു.

തൃശൂര്‍ അയ്യന്തോള്‍ കരേരക്കാട്ടില്‍ വറീത്-സെലീന ദമ്പതികളുടെ സീമന്തപുത്രനായ ബാബു വര്‍ഗീസ് ഫോര്‍ട്ട് ലോഡര്‍ഡേയില്‍ താമസിക്കുന്നു. ഭാര്യ ആഷ (സിപിഎ) മക്കളായ ജോര്‍ജ്, ആന്‍മരിയ എന്നിവരും പിതാവിന്റെ പാത പിന്തുടര്‍ന്ന് യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയില്‍ സ്ട്രക്ച്ചറല്‍ എന്‍ജിനിയറിംഗിനു പഠിക്കുന്നു. ഇളയമകന്‍ പോള്‍ സ്കൂള്‍ വിദ്യാര്‍ഥിയാണ്.