യുവാവിന്റെ മരണം: ആത്മഹത്യയെന്ന് അന്വേഷണസംഘം
Monday, April 27, 2015 6:52 AM IST
കുവൈറ്റ്: ദുരൂഹ സാഹചര്യത്തില്‍ കുവൈറ്റില്‍ മരിച്ച നിലയില്‍ കണ്െടത്തിയ മലയാളി യുവാവിന്റെ മരണം ആത്മഹത്യയാണെന്ന് അന്വേഷണസംഘം. കുവൈറ്റിലെ ഓയില്‍ കമ്പനിയില്‍ മൂന്നു മാസങ്ങള്‍ക്കു മുമ്പ് ജോലിയില്‍ പ്രവേശിച്ച കോഴിക്കോട് പേരാമ്പ്ര ഇടപ്പാറ സ്വദേശി റമീസ് അബ്ദുള്‍ സലാമിനെ കഴിഞ്ഞാഴ്ചയാണ് കാണാതായത്. തുടര്‍ന്നു ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണം നടത്തിവരികെയാണു സുറയ്യില്‍ മണ്ണില്‍ പൂഴ്ന്ന നിലയില്‍ മൃതദേഹം കണ്െടത്തിയത്. സമീപത്ത് നിര്‍മാണജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണു മൃതദേഹം കണ്ടത്.

ചൊവ്വാഴ്ച രാത്രി അബൂ ഹലീഫയിലെ താമസ സ്ഥലത്തുനിന്നു ഭക്ഷണം കഴിക്കുന്നതിനായി തൊട്ടടുത്ത ഹോട്ടലിലേക്കു പോയ റമീസ് പിന്നീട് ഫ്ളാറ്റിലേക്കു തിരിച്ചെത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് റമീസിനെ കാണാനില്ലെന്നു ബന്ധുക്കള്‍ പോലീസിലും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിരുന്നു. സുറ പ്രദേശത്ത് മൃതദേഹം കണ്െടത്തിയതിനെത്തുടര്‍ന്ന് മൃതശരീരത്തില്‍ നിന്നു ലഭിച്ച മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ പിന്തുടര്‍ന്നുകൊണ്ടാണു സുരക്ഷാ ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ വിവരമറിയിച്ചത്. റമീസിന്റെ മരണവുമായി ബന്ധപ്പെട്ട് മലയാളികള്‍ അടക്കം നിരവധി പേരെ പോലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. താമസസ്ഥലമായ അബു ഹലീഫയില്‍നിന്ന് 30 കിലോമീറ്ററോളം അകലെയുള്ള സുറയില്‍ മൃതദേഹം കണ്െടത്തിയതിനെ തുടര്‍ന്ന് നേരത്തെ ഏറെ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. വിവാഹ നിശ്ചയം ഒരു വര്‍ഷം മുമ്പാണു നടന്നത്. പേരാമ്പ്രയിലെ ബാദുഷ സ്റോര്‍ ഉടമയും വ്യാപാരി വ്യവസായി പ്രസിഡന്റുമായ അബ്ദുള്‍ സലാം ബാദുഷയുടെയും റസീനയുടെയും മൂത്ത മകനാണ് റമീസ്.

പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തം വാര്‍ന്നതു മൂലമാണ് മരണ കാരണമെന്നു സ്ഥിരീകരിച്ചതായും അറിയുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്കു കൊണ്ടുപോകാന്‍ സാധിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍