'എന്‍ആര്‍ഐ സീറ്റുകളിലെ അമിത ഫീസ് മാനദണ്ഡമില്ലാതെ'
Monday, April 27, 2015 6:51 AM IST
ദമാം: പ്രഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ എന്‍ആര്‍ഐ എന്ന പേരില്‍ ക്വോട്ട നിശ്ചയിച്ച് അതിന്റെ പേരില്‍ നടക്കുന്നതു കൊള്ളയാണെന്നും മാനദണ്ഡങ്ങളില്ലാതെ ഈടാക്കുന്ന അമിത ഫീസിന്റെ വിഷയത്തില്‍ സര്‍ക്കാരിനു പോലും നിയന്ത്രണമില്ലാതെ തുടരുന്നതു പൊറുപ്പിക്കാവുന്നതല്ലെന്നും ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ പറഞ്ഞു.

പ്രവാസിയുവാക്കളുടെ വികസനവും ജീവിതവും ഭാവിയും ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കി റിസാല സ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്ന യൌവനം എന്ന ശീര്‍ഷകത്തില്‍ ഒരു വര്‍ഷക്കാലമായി ആചരിച്ചു വരുന്ന യൂത്ത് എംപവര്‍മെന്റ് ഇയറിന്റെ സമാപന പരിപാടിയുടെ ഭാഗമായിരുന്നു ചര്‍ച്ച സംഘടിപ്പിച്ചത്.

ജാതി-മത-ഭാഷാ ന്യൂനപക്ഷങ്ങളെ സമൂഹമായി അംഗീകരിച്ചതുപോലെ പ്രവാസികളെ കമ്യൂണിറ്റിയായി അംഗീകരിക്കുക, ബ്രിട്ടീഷ് ഭരണകാലത്ത് കോളനിവത്കരണത്തിനു സഹായകമായ രീതിയില്‍ നിര്‍മിക്കപ്പെട്ട കുടിയേറ്റ നിയമം പ്രവാസികള്‍ക്ക് അനുഗുണമായ രീതിയില്‍ മാറ്റം വരുത്തുക, ദുര്‍ബലമായ തൊഴില്‍ കരാറുകളും നിയന്ത്രണമില്ലാത്തെ സ്വകാര്യ ഏജസികളുടെ റിക്രൂട്ട്മെന്റുകളും സര്‍ക്കാരിനു കീഴില്‍ സുരക്ഷിതമാക്കുക, സന്നിഗ്ധ ഘട്ടങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിനുവേണ്ടി മാത്രം എടുത്തുപയോഗിക്കുന്ന എമിഗ്രേഷന്‍ നിയമത്തിന്റെ പേരിലുള്ള ഖജനാവിലെ കോടികള്‍ പ്രവാസികള്‍ക്കു സാമ്പത്തിക സുരക്ഷ നല്‍കുന്ന രീതിയില്‍ എല്ലാ കാലത്തും വിനിയോഗിക്കുക, ഔദോഗിക രേഖയിലൂടെ നിയമങ്ങള്‍ക്ക് വിധേയമായി ഇന്ത്യ വിടുന്നവരുടെ വ്യക്തമായ കണക്ക് ഇനിയും സര്‍ക്കാരിന്റെ കൈവശമില്ലാത്തതു നാണക്കേടാണ്, സൌദിയില്‍ നിയന്ത്രണത്തിലുള്ള മരുന്നുകള്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശേധനയില്‍ പിടിക്കപ്പെടാതെ അന്യരാജ്യങ്ങളില്‍ നിരപരാധികളായ പൌരന്മാര്‍ക്കു കെണിയൊരുക്കുന്ന രീതിയിലുള്ള അലംഭാവം സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടുമാത്രമാണ്, വിദൂര പഠനകേന്ദ്രങ്ങള്‍, പിഎസ്സി സെന്ററുകള്‍, എംബസി ഓപ്പണ്‍ഹൌസുകള്‍ എന്നിവ സ്ഥാപിക്കുക, വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നല്‍കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ക്കു യോഗ്യതാ മാനദണ്ഡമനുസരിച്ച് സൌദിയില്‍ അംഗീകാരം നേടുന്നതിലുള്ള തടസവും കാല താമസവും ഇല്ലാതെയാക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട്. വലിയൊരുഭാഗം പ്രവാസികള്‍ താമസിക്കുന്ന സൌദിയിലെ ദമാം ആസ്ഥാനമായുള്ള കിഴക്കന്‍ പ്രവിശ്യയില്‍ എംബസി സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് കോണ്‍സുലേറ്റ് അനുവദിക്കുന്നതിനു സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ട്. എപിഎല്‍, ബിപിഎല്‍ സര്‍വേകള്‍ പ്രവാസികളായി എന്നതുകൊണ്ടുമാത്രം ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതു തിരുത്തി വര്‍ഗീകരണത്തിനു മാനദണ്ഡങ്ങള്‍ നിശ്ചയിക്കുക തുടങ്ങി പ്രവാസികളെ പൊതുവേയും യുവാക്കളെ പ്രത്യേകിച്ചു ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. യൂത്ത് പാര്‍ലമെന്റ് ചര്‍ച്ചകളെ ക്രോഡീകരിച്ച് ആര്‍എസ്സി 'പ്രവാസി അവകാശ രേഖ' പുറത്തിറക്കി. അവകാശ രേഖകളും ചര്‍ച്ചാ സംഗ്രഹവും നിയമസഭയില്‍ ഗൌരവത്തോടെ അവതരിപ്പിക്കാമെന്നു ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ സദസിനു ഉറപ്പു നല്‍കി.

ദമാം സാന ഓഡിറ്റോറിയത്തില്‍ നടന്ന യൂത്ത് പാര്‍ലമെന്റിനു കേരള നിയമസഭാംഗം ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ നേതൃത്വം നല്‍കി. പ്രവാസി സമൂഹത്തിലെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് ശിഹാബ് കൊട്ടുകാട്(നോര്‍ക്ക), നിസാര്‍ കാട്ടില്‍ (ഐസിഎഫ്), മന്‍സൂര്‍ പള്ളൂര്‍ (ഒഐസിസി), കമാല്‍ കളമശേരി (സാമൂഹ്യ പ്രവര്‍ത്തകന്‍), ഇബ്റാഹിം സുബ്ഹാന്‍ (എനര്‍ജി ഫോറം), ആലികുട്ടി ഒളവട്ടൂര്‍ (കെഎംസിസി), റിയാസ് ഇസ്മായില്‍ (നവയുഗം), ഇനാമുറഹ്മാന്‍ (മീഡിയ ഫോറം), അഷ്റഫ് ഒളവട്ടൂര്‍ (സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്), ജാബിറലി പത്തനാപുരം (ആര്‍എസ്സി) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ അനില്‍ കുറിച്ചിമുട്ടം യൂത്ത് പാര്‍ലമെന്റ് നിയന്ത്രിച്ചു. ആര്‍എസ്സി ഗള്‍ഫ് കൌണ്‍സില്‍ വിസ്ഡം കണ്‍വീനര്‍ ആമുഖവും നാഷണല്‍ നിര്‍വാഹക സമിതി അംഗം ഫൈസല്‍ വാഴക്കാട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം