ബിജു രമേശിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: വി. ബാലറാം
Monday, April 27, 2015 5:34 AM IST
ദമാം: ബാറുകള്‍ പൂട്ടിയതില്‍നിന്നുള്ള സാമ്പത്തിക നഷ്ടം മൂലം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ബിജു രമേശ് ചെയ്യുന്നതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി വി. ബാലറാം പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ തേജോവധം ചെയ്യാന്‍ പല ആരോപണങ്ങളും കെട്ടിച്ചമച്ചു, പക്ഷേ, ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നിനുപോലും തെളിവു നല്‍കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ലെന്നും ബല്‍റാം പറഞ്ഞു. ഇടതുപക്ഷം നടത്തിയ സമരങ്ങള്‍ ഒന്നും പോലും വിജയിക്കാതിരുന്നതു സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കൊണ്ടാണെന്നും വി. ബാലറാം പറഞ്ഞു. ഒഐസിസി ദമാം തൃശൂര്‍ ജില്ലാ കമ്മറ്റി അല്‍കോബാര്‍ ക്ളാസിക് ഹോട്ടലില്‍ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ പകരം ഏതു പ്രസ്ഥാനത്തിനെയാണ് അധികാരത്തില്‍ എത്തിച്ചതെന്നു ചിന്തിക്കണമെന്നും മതേതര പ്രസ്ഥാനമായ കോണ്‍ഗ്രസിനെ തകര്‍ത്തു ബിജെപിക്ക് അവസരം ഒരുക്കിയവര്‍ നാളെകളില്‍ അതിനു കനത്ത വിലനല്‍കേണ്ടി വരുമെന്നും ചടങ്ങില്‍ സംബന്ധിച്ച തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി സി.എ സെബാസ്റ്യന്‍ പറഞ്ഞു. കേരളത്തില്‍ ഇടതു മുന്നണി നടത്തുന്ന കുപ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളി കളയുമെന്നും ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നും സെബാസ്റ്യന്‍ പറഞ്ഞു. കുടുംബസംഗമത്തില്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഷാജി മോഹന്‍ അധ്യക്ഷത വഹിച്ചു. ഒഐസിസി ദമാം റീജണല്‍ കമ്മറ്റി പ്രസിഡന്റ് ബിജു കല്ലുമല യോഗം ഉത്ഘാടനം ചെയ്തു.

ഹമീദ് കണിച്ചാട്ടില്‍ സ്വാഗതവും, സക്കീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു. മന്‍സൂര്‍ പള്ളൂര്‍, പി.എം നജീബ്, അബ്ദുള്‍ ഹമീദ്, ഇ.കെ സലിം, നബീല്‍ നയ്തലൂര്‍, സിന്ധു ബിനു എന്നിവര്‍ സംസാരിച്ചു. ബൈജു കുട്ടനാട്, താജു അയ്യാരില്‍, ഷണ്മുഖന്‍ എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു. സബീന അബ്ബാസ് അവതാരക ആയിരുന്നു. ചടങ്ങില്‍ മന്‍സൂര്‍ പള്ളൂര്‍, ബിജു കല്ലുമല, നബീല്‍ നയതല്ലൂര്‍, ബൈജു കുട്ടനാട്, നിസാര്‍ മാന്നാര്‍, സിന്ധു ബിനു എന്നിവര്‍ക്ക് ഒഐസിസി തൃശൂര്‍ ജില്ലാ കമ്മറ്റി ഉപഹാരം നല്‍കി ആദരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ വിവിധ കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം