നഴ്സുമാരുടെ ഇരട്ട അവധി നിര്‍ദേശം: സ്വദേശി നഴ്സുമാര്‍ക്കു മാത്രമായി പരിമിതപ്പെടും
Monday, April 27, 2015 5:33 AM IST
കുവൈറ്റ്: ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള നഴ്സുമാരുടെ ഇരട്ട അവധി നിര്‍ദേശം സ്വദേശി നഴ്സുമാര്‍ക്കു മാത്രമായി പരിമിതപ്പെടും. ഇതു സംബന്ധിച്ചു കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുടെ ഉത്തരവിറങ്ങി. കുവൈറ്റ് നഴ്സിംഗ് അസോസിയേഷന്‍ നടത്തിയ നിരന്തര സമര്‍ദങ്ങളുടെ ഫലമായിട്ടാണു മറ്റു സര്‍ക്കാര്‍ ജീവനക്കാരെപ്പോലെ ഇരട്ട അവധി നല്‍കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. 2013ല്‍ മുബാറകുല്‍ കബീര്‍ ആശുപത്രിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഇരട്ട അവധി സംവിധാനം വിജയകരമായതിനാല്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായി നഴ്സിംഗ് അസോസിയേഷന്‍ ചെയര്‍മാന്‍ ബദര്‍ അല്‍ അനസി കഴിഞ്ഞയാഴ്ച മാധ്യമങ്ങളെ അറിയിച്ചിരുന്നു. മലയാളികളടക്കമുള്ള നഴ്സുമാര്‍ ഏറെ പ്രതീക്ഷയോടെയാണു വാര്‍ത്ത എതിരേറ്റത്. എന്നാല്‍, കഴിഞ്ഞദിവസമാണ് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖാലിദ് അസഹ്ളാവിയുടെ ഉത്തരവ് ആശുപത്രികളില്‍ കിട്ടിയത്. ഉത്തരവ് അനുസരിച്ച സ്വദേശികള്‍ക്കു മാത്രമായിരിക്കും ഇരട്ട അവധിയുടെ പ്രയോജനം ലഭിക്കുക. ഇതോടെ ഇരട്ട അവധി പ്രതീക്ഷയില്‍ ആശുപ്രതികള്‍ തയാറാക്കിയ ഡ്യൂട്ടി ഷെഡ്യൂള്‍ റദ്ദാക്കിയിരിക്കുകയാണ്. 18,000 നഴ്സുമാര്‍ ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നുണ്െടന്നാണു കണക്ക്. ഇതില്‍ ആറു ശതമാനം മാത്രമാണ് സ്വദേശികള്‍. മേയ് ഒന്നുമുതല്‍ ആഴ്ചയില്‍ രണ്ട് അവധികള്‍ വീതം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞിരുന്ന മലയാളികളടക്കമുള്ള വിദേശി നഴ്സുമാരാണ് ഉത്തരവ് വന്നതോടെ നിരാശയിലായത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍