കേരളോത്സവം: കലാപ്രതിഭ ആദി ശങ്കര്‍, കലാതിലകം അലീഷ തോമസ്, അഞ്ജലി ആന്‍ ജോണ്‍
Monday, April 27, 2015 5:32 AM IST
ടൊറന്റോ: ടൊറന്റോ മലയാളി സമാജം (ടിഎംഎസ്) സംഘടിപ്പിച്ച കേരളോത്സവം 2015ന്റെ കലാ പ്രതിഭ, കലാതിലകം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 25-നു ശനിയാഴ്ച പികെറിംഗ് സെന്റ് മേരീസ് കാത്തലിക് സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ കലാ മത്സരങ്ങളുടെ സമാപന യോഗത്തിലാണു ഫല പ്രഖ്യാപനമുണ്ടായത്.

ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ആദി ശങ്കര്‍ കലാപ്രതിഭയായും, അലീഷ തോമസ്, അഞ്ജലി ആന്‍ ജോണ്‍ എന്നിവര്‍ കലാതിലകമായും വിജയ കിരീടം ചൂടി. ടൊറന്റോ മലയാളി സമാജം കഴിഞ്ഞ 19 വര്‍ഷങ്ങളായി നടത്തിവരുന്ന കേരളോത്സവത്തില്‍ വിവിധ ഇനങ്ങളില്‍, സബ് ജൂണിയര്‍, ജൂണിയര്‍ , സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗത്തിലാണു കലാമത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത് . ഇരുനൂറില്‍പ്പരം മത്സരാര്‍ഥികളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ ജൂനിയര്‍ വിഭാഗത്തില്‍ പങ്കെടുത്ത ആദിയും , സീനിയര്‍ വിഭാഗത്തിലെ അലീഷയും അഞ്ജലിയും കിരീടം ചൂടിയത്. ആകെ 21 ഇനങ്ങളില്‍ ആയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. സമാജത്തിന്റെ ഈ വര്‍ഷത്തെ ഫാമിലി പിക്നിക് ജൂലൈ മാസം 25നു നടക്കും എന്നു ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ് പിള്ള