അബുദാബി മലയാളി സമാജം തെരഞ്ഞെടുപ്പ്; ഔദ്യോഗിക പാനലിനു സമ്പൂര്‍ണ വിജയം
Saturday, April 25, 2015 8:06 AM IST
അബുദാബി: തലസ്ഥാന നഗരിയിലെ മലയാളികളുടെ അംഗീകൃത സംഘടനയായ അബുദാബി മലയാളി സമാജത്തിന്റെ ഭരണസമിതിയിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ 15 സീറ്റുകളിലും ഔദ്യോഗിക പാനലിലെ സ്ഥാനാര്‍ഥികള്‍ക്ക് തകര്‍പ്പന്‍ ജയം. എതിരാളികളായ സോഷ്യല്‍ ഫോറം സ്ഥാനാര്‍ഥികളെ അഞ്ഞൂറോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തൂത്തെറിഞ്ഞത്. ആകെയുള്ള 1002 അംഗങ്ങളില്‍ 691 പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. 578 വോട്ടുകള്‍ വരെ ഔദ്യോഗിക പക്ഷം നേടിയപ്പോള്‍ സോഷ്യല്‍ ഫോറം സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച ഏറ്റവും കൂടിയ വോട്ട് 134 മാത്രമായിരുന്നു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബി. യേശുശീലന്‍ 468 വോട്ടുകളുടെയും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി. സതീഷ്കുമാര്‍ 472 വോട്ടുകളുടെയും ഭൂരിപക്ഷത്തിലാണ് എതിരാളികളെ പരാജയപ്പെടുത്തിയത്. വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് പി.ടി.റഫീക്കും ട്രഷറാറായി ടി.എം. ഫസലുദീനും തെരഞ്ഞെടുക്കപ്പെട്ടു.

എ.എം.അന്‍സാര്‍, അബ്ദുള്‍ ഖാദര്‍ തിരുവാത്ര, എം. അശോക് കുമാര്‍, സി. അബ്ദുള്‍ ജലീല്‍, ജെറിന്‍ ജേക്കബ്, ബിജു ഫിലിപ്പ്, എം.വി. മെഹബൂബ് അലി, രത്നകുമാര്‍ മേലകണ്ടി, പി.ടി. റിയാസുദീന്‍, സിര്‍ജന്‍ അബ്ദുള്‍ വഹീദ്, വിജയരാഘവന്‍ ഗോപാല്‍ എന്നിവരാണ് കമ്മിറ്റിയിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്.

നിസാമുദീന്‍, അബൂബക്കര്‍ മേലേതില്‍ എന്നിവര്‍ ഓഡിറ്റര്‍, അസി. ഓഡിറ്റര്‍ സ്ഥാനങ്ങളിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്റ് ഷിബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അംഗങ്ങള്‍ക്ക് മൂന്നുലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നതിനുള്ള പദ്ധതി അംഗീകരിച്ചു. 30 ദിര്‍ഹമാണ് ഇതിനു അധികം നല്‍കേണ്ടത്. പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിശ്ചിത കാലയളവ് നിജപ്പെടുത്താനുള്ള ഭരണഘടന ഭേദഗതിക്ക് ആവശ്യമായ കോറം തികയാഞ്ഞതിനാല്‍ മറ്റൊരു അവസരത്തിലേക്ക് മാറ്റിവച്ചു.

കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ മുന്‍ പ്രസിന്റുമാരായ രവി മേനോന്‍, മനോജ് പുഷ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ സമാജം പരിപാടികളില്‍ സഹകരിക്കാതെ സോഷ്യല്‍ ഫോറം എന്ന സമാന്തര സംഘടനയുമായി മുന്‍പോട്ടു പോയവര്‍ക്കാണ് ഇക്കുറി വീണ്ടും നാണംകെട്ട പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള