റവ. ഏബ്രഹാം ഉമ്മന് എബനേസര്‍ ഇടവക സ്നേഹനിര്‍ഭരമായ യാത്രയയപ്പു നല്‍കി
Saturday, April 25, 2015 8:02 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പോര്‍ട്ട്ചെസ്ററിലുള്ള എബനേസര്‍ മാര്‍ത്തോമ ഇടവകയില്‍ നിന്നും മൂന്നു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന റവ. ഏബ്രഹാം ഉമ്മനും കുടുംബത്തിനും ഇടവക സ്നേഹനിര്‍ഭരമായ യാത്രയയപ്പു നല്‍കി.

ഏപ്രില്‍ 19-ന് (ഞായര്‍) വിശുദ്ധ കുര്‍ബാന ശുശ്രൂഷക്കു നേതൃത്വം നല്‍കിയ റവ. ഏബ്രഹാം യോഹന്നാന്റെ സുവിശേഷം ഇരുപത്തൊന്നാം അധ്യായം ഒന്നു മുതല്‍ എട്ടു വരെയുള്ള വാക്യങ്ങള്‍ ഉദ്ധരിച്ച് വചനഘോഷണം നടത്തി. യേശുവിന്റെ മരണശേഷം, തങ്ങളുടെ പഴയ തൊഴിലായ മീന്‍പിടുത്തത്തിലേക്ക് തിരികെപ്പോയ ശിഷ്യന്മാരുടെ ഒരു രാത്രിമുഴുവനായുള്ള അധ്വാനം ഒരു മീന്‍ പോലും ലഭിക്കാതെ റൂഥാവിലാക്കുകയും നിരാശയരായ ശിഷ്യന്മാരുടെ അടുത്തേക്ക് യേശു കടന്നുചെല്ലുകയും ചെയ്യുന്നു. ദൈവരാജ്യത്തിന്റെ കെട്ടുപണിക്കായി വിളിച്ചു വേര്‍തിരിച്ച ശിഷ്യന്മാര്‍ ദൈവഹിതത്തിന് എതിരായ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ പരാജയം സംഭവിക്കുന്നു. നാം പലപ്പോഴും നമ്മുടെ ഹിതത്തിനു മുന്‍ഗണന കൊടുക്കുന്നു. എന്നാല്‍ അത് പരാജയത്തിലേക്കും നിരാശയിലേക്കും നമ്മെ കൊണ്െടത്തിക്കുന്നു. ഏദന്‍തോട്ടത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ദൈവകല്‍പ്പന മറന്ന് സ്വന്തം ഹിതമനുസരിച്ച് ആദിമ മനുഷ്യന്‍ പ്രവര്‍ത്തിച്ചപ്പോള്‍ നിത്യമായി ഏദനില്‍ നിന്നും പുറത്താക്കപ്പെട്ടു.

ദൈവത്തിന്റെ സഹായമോ, സാന്നിധ്യമോ ഇല്ലാതെ നാം എത്ര തന്നെ അധ്വാനിച്ചാലും അത് വൃഥാവിലാക്കുന്നു എന്ന് ഈ ശിഷ്യന്മാരുടെ അനുഭവത്തില്‍ നിന്നും നമുക്ക് മനസിലാക്കാം എന്നും റവ. ഏബ്രഹാം പറഞ്ഞു.

വിശുദ്ധ കുര്‍ബാനക്കുശേഷം നടന്ന യാത്രയയപ്പു യോഗത്തില്‍ വൈസ് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷം റവ. ഏബ്രഹാം ഇടവകക്ക് കൊടുത്ത നേതൃത്വത്തെക്കുറിച്ചും നിസ്തുലമായ സേവനങ്ങളെ അനുസ്മരിച്ചും നിരവധി ആളുകള്‍ സംസാരിച്ചു.

ഇടവകയുടെ നേതൃത്വത്തില്‍ കഴിഞ്ഞ കാലത്ത് നടന്ന വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകളിലെ റവ. ഏബ്രഹാമിന്റെ നിറസാന്നിധ്യവും തുറന്ന മനസോടെയുള്ള സമീപനവും ഇടവക ജനങ്ങള്‍ക്ക് വേറിട്ടൊരനുഭവമായിരുന്നുവെന്ന്, സി.എസ്. ചാക്കോ (ഭദ്രാസന അസംബ്ളി മെംബര്‍) അനുസ്മരിച്ചു.

കഴിഞ്ഞ മൂന്നു വര്‍ഷക്കാലം അച്ചനില്‍നിന്നും ലഭിച്ച സേവനങ്ങളേയും നേതൃത്വത്തെയും അനുസ്മരിച്ചു കൊണ്ടു ഈപ്പന്‍ ജോസഫ്(ക്വയര്‍), രാഹുല്‍ ജോസഫ് (സണ്‍ഡേ സ്കൂള്‍), ഏലിയാമ്മ ചാക്കോ (സേവികാ സംഘം) ദീപ്തി ജോണ്‍, നിഖില്‍ ജോണ്‍, അന്നമ്മ തോമസ്, ജസ്റിന്‍ ജോണ്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

ഇടവക വികാരിയായി മൂന്നുവര്‍ഷം സേവനം അനുഷ്ഠിച്ച അച്ചന്റേയും കുടുംബത്തിന്റേയും വൈവിധ്യമാര്‍ന്ന ഫോട്ടോകളും വീഡിയോ ക്ളിപ്പുകളും ഉള്‍പ്പെടുത്തി നിഷാ സണ്ണി സ്ളൈഡ് ഷോ അവതരിപ്പിച്ചു.

ഇടവക വൈസ് പ്രസിഡന്റ് ജേക്കബ് ഏബ്രഹാം സ്വാഗതപ്രസംഗത്തോടൊപ്പം ആമുഖ പ്രസംഗവും നടത്തി. സൂസന്‍ കുര്യന്‍(മണ്ഡലം മെംബര്‍) അച്ചനില്‍ നിന്നും ഇടവകക്കു ലഭിച്ച നേതൃത്വത്തിനും റൂബി, സരീന്‍, സെയ്ന്‍ എന്നിവരില്‍ നിന്നും ഇടവക ജനങ്ങള്‍ക്കു ലഭിച്ച സ്നേഹക്കൂട്ടായ്മകള്‍ക്കും നന്ദി പറഞ്ഞു.

കേരളത്തിലെ നാരങ്ങാനം സെന്റ് തോമസ് മാര്‍ത്തോമ ഇടവകയിലേക്ക് സ്ഥലം മാറിപ്പോകുന്ന അച്ചനും കുടുംബത്തിനും സര്‍വവിധ മംഗളങ്ങളും നേര്‍ന്നുകൊണ്ട് ചര്‍ച്ച് ക്വയര്‍ ഗാനം ആലപിച്ചു.

റവ. ഏബ്രഹാം ഉമ്മനച്ചന്റെ പ്രാര്‍ഥനക്കും ആശിര്‍വാദത്തിനും ശേഷം നടന്ന സ്നേഹവിരുന്നോടെ യാത്രയയപ്പിന് തിരശീല വീണു.

ഭദ്രാസന അസംബ്ളി മെംബര്‍ സി.എസ്.ചാക്കോ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം