ഇര്‍വിംഗ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ തിരുനാള്‍ മേയ് ഒന്നു മുതല്‍ മൂന്നു വരെ
Friday, April 24, 2015 6:32 AM IST
ഡാളസ്: ഇര്‍വിംഗ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ നേതൃത്വത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ മേയ് ഒന്നു (വെള്ളി) മുതല്‍ മൂന്ന് (ഞായര്‍) വരെ നടക്കും. ശുശ്രൂഷകള്‍ക്ക് യുകെ, യുറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും.

ഏപ്രില്‍ 26നു(ഞായര്‍) കൊടിയേറ്റത്തോടെ തുടക്കം കുറിക്കുന്ന പെരുന്നാള്‍ ഭക്തിനിര്‍ഭരമായ റാസ, നേര്‍ച്ചവിളമ്പ്, സ്നേഹവിരുന്ന്, ആത്മീയ പ്രഭാഷണം, വിശുദ്ധ കുര്‍ബാന എന്നിവയോടുകൂടി മേയ് നാലിനു കൊടിയിറങ്ങും.

മേയ് രണ്ടിന് എംജിഒസിഎസ്എമ്മിന്റെ നേതൃത്വത്തില്‍ ഡാളസ്, ഒക്ലഹോമ ഏരിയയുടെ റിട്രീറ്റ് രാവിലെ ഒമ്പതു മുതല്‍ നടക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

പെരുന്നാള്‍ ശുശ്രൂഷകളില്‍ ഡാളസിലെ എല്ലാ വിശ്വാസ സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. തമ്പാന്‍ വര്‍ഗീസ്, ട്രസ്റി ബേബി ഉതുപ്പ്, സെക്രട്ടറി സന്തോഷ് ബി. സ്കറിയ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം