ചരിത്രപരമായ ഒത്തുചേരലുമായി പാത്രിയര്‍ക്കീസ് ബാവയും കാതോലിക്കാ ബാവയും അര്‍മേനിയയില്‍
Friday, April 24, 2015 6:28 AM IST
യേരേവാന്‍: 1915ല്‍ അര്‍മേനിയയില്‍ നടന്ന വംശഹത്യയുടെ നൂറാം വാര്‍ഷിക അനുസ്മരണ വിശുദ്ധീകരണ ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിന് അര്‍മേനിയയില്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയും ഇഗ്നാത്തിയോസ് അപ്രേം പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയും തമ്മില്‍ പരസ്പരം ആശ്ളേഷിച്ചു. ഇരുവരും മറ്റാരെയും കൂടാതെ ഒരുമിച്ചിരുന്ന് ഇന്നു രാവിലെ പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തു.

സിറിയന്‍ ഓര്‍ത്തഡോക്സ് സഭാ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവായും മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ, പോപ്പ് തേവൊദോറസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഫാ. ഡോ. കെ.എം. ജോര്‍ജ്, ജേക്കബ് മാത്യു (ജോജോ) എന്നിവരുമടങ്ങുന്ന വലിയൊരു സംഘം പങ്കെടുക്കുന്നുണ്ട്

പിതാവിനോടൊപ്പം മലങ്കര സഭാ സമാധാനത്തിനായി അതിയായ ആഗ്രഹിക്കുന്ന ഫാ. ഡോ. കെ.എം. ജോര്‍ജും സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുമുണ്ട്. യാക്കോബായ വിഭാഗം സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രീഗോറിയോസും സമ്മേളനത്തിന് എത്തിയിട്ടുണ്ട്. സഭാ സമാധാനത്തെക്കുറിച്ചുള്ള അനൌപചാരിക സംഭാഷണങ്ങള്‍ നടക്കുവാന്‍ സാധ്യതയുള്ളതായി അറിയുന്നു.

2012 നവംബര്‍ 18ന് കെയ്റോയില്‍ കോപ്റ്റിക് പോപ്പ് തെവദ്രോസ് രണ്ടാമന്റെ സ്ഥാനാരോഹണവേളയില്‍ മാര്‍ത്തോമ പൌലോസ് രണ്ടാമനും സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസും തമ്മില്‍ കണ്ടതിനുശേഷം ആദ്യമായാണ് ഇരു സഭകളുടെയും തലവന്മാര്‍ പരസ്പരം കണ്ടുമുട്ടുന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയെത്തുടര്‍ന്നു പിതാവിന് ഉദ്ദേശിച്ച സമയത്ത് അര്‍മേനിയയില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്നതു മൂലം ആദ്യ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ സാധിച്ചില്ല. ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാ തലവന്മാരുടെ സമ്മേളനത്തില്‍ കാതോലിക്കാ ബാവയും സംഘവും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം