കേരള ക്രിക്കറ്റ് ലീഗിന് ഉജ്വല തുടക്കം
Thursday, April 23, 2015 5:48 AM IST
ന്യൂയോര്‍ക്ക്: ഗ്ളോബല്‍ ഐറ്റി കേരള ക്രിക്കറ്റ് ലീഗ് എന്ന പേരില്‍ നോര്‍ത്ത് അമേരിക്കയിലെ മലയാളി ക്രിക്കറ്റ് കളിക്കാര്‍ക്കായി ആരംഭിച്ച ലീഗ് ക്രിക്കറ്റിന്റെ ഉത്ഘാടനം കര്‍മോത്സുകരായ ഒരു പറ്റം ചെറുപ്പക്കാരുടെ പ്രവര്‍ത്തനംകൊണ്ട് വന്‍ വിജയമായി. ട്രൈസ്റ്റേറ്റ് റീജണില്‍നിന്ന് ഏഴു ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും.

2015 ഏപ്രില്‍ 18നു (ശനിയാഴ്ച) ന്യൂയോര്‍ക്കിലെ ക്യൂന്‍സിലെ കണ്ണിങ്ങ്ഹ്യാം പാര്‍ക്കില്‍ നടന്ന ഉദ്ഘാടനത്തില്‍ വിശിഷ്ടാതിഥികളായി എത്തിയത്, ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ക്യാപ്റ്റന്‍ ലിജോ തോട്ടം, നടന്‍ ജോസ്കുട്ടി വലിയകല്ലുങ്കല്‍, കോമണ്‍ വെല്‍ത്ത് ക്രിക്കറ്റ് ലീഗ് പ്രസിഡന്റ് ലെസ്ളി ലോവ് എന്നിവരായിരുന്നു.

വിശിഷ്ടാതിഥികള്‍ ഭദ്രദീപം തെളിയിച്ചതിനു ശേഷം കെസിഎല്‍ ലോഗോ പ്രകാശനം ചെയ്തു. തുടര്‍ന്ന് ഏഴു ടീമുകളുടെ ക്യാപ്റ്റന്മാരെ പരിചയപ്പെടുത്തി. തുടര്‍ന്നു നൂറുകണക്കിനു കാണികളെ സാക്ഷി നിര്‍ത്തി, എല്ലാ ടീമുകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട കളിക്കാര്‍, സ്വരൂപ് ബോബന്റെയും (കെസിഎല്‍ബ്ളൂ) സാബിണ്‍ ജേക്കബിന്റെയും (കെസിഎല്‍ റെഡ്) നേതൃത്വത്തില്‍ രണ്ടു ടീമുകളായി തിരിഞ്ഞു ഉദ്ഘാടന മത്സരം നടത്തി. സ്വരൂപ് ബോബന്റെ കെസിഎല്‍ബ്ളൂ ടീം 25 ഓവറില്‍ 265 റണ്‍സുമായി വിജയം കണ്ടു.

ഫ്ളമിംഗ് റ്റൈഗേഴ്സ്, ലോംഗ് ഐലന്‍ഡ് ടസ്കേഴ്സ്, മില്ലേനിയം ക്രിക്കറ്റ് ക്ളബ്, ന്യൂയോര്‍ക്ക് കിങ്ങ്സ്, എന്‍വൈഎംഎസ്സി പാക്കേഴ്സ്, വെസ്റ്ചെസ്റര്‍ ചലഞ്ചേഴ്സ് എന്നിവയാണു കെ സി എല്‍ ലീഗ് മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍

മത്സരങ്ങള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഗ്ളോബല്‍ ഐറ്റി അസോസിയേറ്റ്സ്, ഷെറാട്ടണ്‍ ഹോട്ടല്‍ ലഗ്വാര്‍ഡിയ, ഗ്രാന്‍ഡ് ഇന്ത്യന്‍ റസ്ററന്റ്, മഴവില്‍ എഫ്എം എന്നിവയാണ്.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍