ഒന്റാരിയോവില്‍ വീടിനുള്ളില്‍ സ്ഫോടനം: ഒരു മരണം, 22 ഓളം പേര്‍ക്ക് പരിക്ക്
Wednesday, April 22, 2015 7:01 AM IST
സ്കാര്‍ബറോ: ഒന്റാരിയോവിലെ സ്കാര്‍ബറോ സിറ്റിയില്‍ ഒരു വീട്ടിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 22 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സോഗോമനിസ് എന്ന അമ്പത്തേഴുകാരനാണു സ്ഫോടനത്തില്‍ മരിച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

ചൊവാഴ്ച വൈകുന്നേരം 4.30നു സ്റീല്‍സ് റോഡിനും ബ്രംലീ റോഡിനും ഇടയിലുള്ള വീട്ടില്‍ ആണു സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ വീട് പൂര്‍ണമായും തകരുകയും സമീപ പ്രദേശത്തെ 40 ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

ഗ്യാസ് ലീക്ക് ചെയ്തതാവാം പൊട്ടിത്തെറിക്കു കാരണം എന്ന് ഒന്റാരിയോ ഫയര്‍ മാര്‍ഷല്‍ വ്യക്തമാക്കിയെങ്കിലും സ്ഫോടനത്തിന്റെ യഥാര്‍ഥ കാരണം ഇതുവരെയും പുറത്തു വന്നിട്ടില്ല. സംഭവസ്ഥലത്ത് ഫയര്‍, പോലീസ് ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിട്ടുണ്ട്. അന്വേഷണസംഘം സ്ഫോടനം നടന്ന വീട്ടില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിവരുന്നു.

സാധാരണയായി തണുപ്പുകാലത്ത് വീടിനകം ചൂടാക്കുന്നതിനും പാചകത്തിനും വേണ്ടി മാത്രമാണു ഗ്യാസ് വീടുകളില്‍ ഉപയോഗിച്ചു വരുന്നത്. ഗ്യാസ് ലീക്ക് ചെയ്തതല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ പൈപ്പു ലൈനില്‍ ഉണ്ടായ സ്പാര്‍ക്ക് ആകാം സ്ഫോടനത്തിനു പിന്നിലെന്ന നിഗമനത്തില്‍ ആണ് അന്വേഷണസംഘം. സ്ഫോടനത്തില്‍ വീടിന്റെ മേല്‍ക്കൂര, ഭിത്തി എന്നിവ തെറിച്ചു പോയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള