വര്‍ഗീസ് ഉതുപ്പ് അബുദാബിയിലേക്കു കടന്നതായി സംശയം
Wednesday, April 22, 2015 5:24 AM IST
കുവൈറ്റ്: നഴ്സിംഗ് തട്ടിപ്പിലെ പ്രധാന പ്രതിയായ വര്‍ഗീസ് ഉതുപ്പ് കുവൈറ്റില്‍ നിന്നും അബുദാബിയിലേക്കു കടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം റിക്രൂട്ട്മെന്റിന്റെ മറവില്‍ 300 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ അല്‍ സറഫ മാന്‍പവര്‍ ഏജന്‍സി ഉടമ വര്‍ഗീസ് ഉതുപ്പിനെ കുവൈറ്റില്‍ പോലീസ് കസ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ കുവൈറ്റില്‍ കേസുകളൊന്നും ഇല്ലാത്തതിനാലും റിക്രൂട്ട് ചെയ്ത നഴ്സുമാര്‍ക്ക് പരാതിയൊന്നുമില്ലാത്തതിനാലും അദ്ദേഹത്തിന്റെ സ്പോണ്‍സര്‍ വന്നപ്പോള്‍ കൂടെ വിട്ടയയ്ക്കുകയായിരുന്നു. നാട്ടില്‍ ശക്തമായ അന്വേഷണങ്ങള്‍ നടക്കുമ്പോഴും കുവൈത്തിലെ ഫഹാഹീല്‍ കേന്ദ്രമായി റിക്രൂട്ടിംഗ് പ്രവര്‍ത്തനങ്ങളുമായി സജീവമാണ് ഉതുപ്പും സംഘവും. അടുത്ത മാസം മുതല്‍ വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റിനു പുതിയ നിര്‍ദേശങ്ങള്‍ വരുന്ന സാഹചര്യത്തില്‍, പരമാവധി നഴ്സുമാരെ ഈ മാസംതന്നെ കുവൈത്തില്‍ എത്തിച്ചിട്ടുണ്ട്. നിരവധി എജന്‍സികള്‍ അന്വേഷണം നടത്തുന്നതിനാല്‍ ജോലിക്കായി എത്തിയ ഉദ്യോഗാര്‍ഥികളില്‍നിന്ന് ആദ്യഗഡു പണം മാത്രമണ് ഇയാള്‍ നാട്ടില്‍നിന്നും സ്വീകരിച്ചിരുന്നത് . ബാക്കി തുക കുവൈറ്റില്‍ എത്തിയശേഷം നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥയിലായിരുന്നു നഴ്സുമാരെ ഇവിടെയെത്തിച്ചത്. അതിനിടെ റിക്രൂട്ട്മെന്റ്് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ വന്ന ഉദ്യോഗിക സംഘവുമായും ഉതുപ്പ് കുവൈറ്റ് സിറ്റിയില്‍ വച്ച് ചര്‍ച്ച നടത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.

കഴിഞ്ഞ ദിവസം കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ഹെഡ് ഓഫീസില്‍ നടന്ന റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള്‍ നേതൃത്വം നല്‍കിയിരുന്നത് വര്‍ഗീസ് ഉതുപ്പും സംഘവുമായിരുന്നു. ഇത് പകര്‍ത്താന്‍ ശ്രമിച്ച ചാനല്‍ പ്രതിനിധികളെ ഉതുപ്പിന്റെ കൂട്ടാളികള്‍ ആക്രമിച്ചിരുന്നു. തുടര്‍ന്ന് അവരെ ഒരു മുറിയില്‍ പൂട്ടിയിടുകയും ഇന്ത്യന്‍ എംബസിയുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്ന് പോലീസ് അധികൃതരെത്തി ഉതുപ്പിനെ കസ്റഡിയില്‍ എടുക്കുകയായിരുന്നു. കുവൈറ്റ് ആരോഗ്യമന്ത്രാലയം 1200 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണു ഉതുപ്പിന്റെ കമ്പനിയായ അല്‍ സറഫ മാന്‍പവറുമായി ഉണ്ടാക്കിയിരുന്നത്, കരാര്‍ പ്രകാരം 19,500 രൂപ മാത്രമേ ഒരാളില്‍നിന്ന് ഈടാക്കാന്‍ പാടുള്ളൂ. എന്നാല്‍ 1629 ഉദ്യോഗാര്‍ഥികളില്‍നിന്നും 19.5 ലക്ഷം രൂപയായിരുന്നു സ്ഥാപനം ഈടാക്കിയതെന്നും, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സിന്റെ സഹായം ഉപയോഗിച്ച് കരാര്‍ മുഖേന ഉതുപ്പ് 300 കോടിയുടെ തട്ടിപ്പ് നടത്തിയെന്നുമാണു കേസ്.

അന്വേഷണ ഏജന്‍സികള്‍ യഥാസമയം ഇന്റര്‍പോളിനെയോ കുവൈത്തിലെ ഇന്ത്യന്‍ എംബസിയോ ഔദ്യോഗികമായി നോട്ടീസ് നല്‍കിയിരുന്നുവെങ്കില്‍ ഉതുപ്പിനെ കസ്റഡിയിലെടുക്കുവാന്‍ സാധിക്കുമായിരുന്നു. പുതിയ സംഭവ വികാസങ്ങളെത്തുടര്‍ന്ന് അന്വേഷണ ഏജന്‍സി ഇന്റര്‍പോളിന് തെരച്ചില്‍ നോട്ടീസ് കൈമാറുമെന്നാണു കരുതുന്നത്. ഇന്റര്‍പോളിന്റെ റെഡ്കോര്‍ണര്‍ നോട്ടീസ് വരികയാണെങ്കില്‍ ഇയാളെ അറസ്റ് ചെയ്ത് നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍